ദില്ലി: സ്ഥാനമൊഴിയുവാൻ സന്നദ്ധതയറിയിച്ച ജനറൽ സെക്രട്ടറി എസ് സുധാകർ റെ‍‍ഡ്ഡിക്ക് പകരക്കാരനെ തീരുമാനിക്കാനുള്ള നിർണ്ണായക സിപിഐ യോഗങ്ങൾ ഇന്ന് ദില്ലിയിൽ തുടങ്ങും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ഡി രാജയ്ക്കാണ് സാധ്യത കൂടുതൽ.

ലോക്സഭാ തെരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ് സുധാകർ റെഡ്ഡി രാജി സന്നദ്ധത അറിയിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു സുധാകർ റെഡ്ഡിയുടെ നിർദ്ദേശം. പാർട്ടിയെ ചലിപ്പിക്കാൻ കഴിയുന്ന നേതാവിനെ കണ്ടെത്തണമെന്നാണ് നിര്‍ണായക സ്വാധീനമുള്ള കേരള ഘടകത്തിന്‍റെ നിലപാട്.

ബിനോയ് വിശ്വത്തിന്‍റെ പേരും ചർച്ചയായി. എന്നാൽ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനോയ് വിശ്വം അറിയിച്ചു. കമ്മ്യൂണിസ്റ്റ് പർട്ടിയുടെ ജനറൽ സെക്രട്ടറിയെ പറ്റിയുളള തന്‍റെ തന്നെ വ്യക്തിപരമായ കാഴ്ചപ്പാടനുസരിച്ച് താൻ അതിന് യോഗ്യനായിട്ടില്ലെന്ന് ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മുതിര്‍ന്ന നേതാവ് ഡി രാജയുടെ പേരിനാണ് മുന്‍തൂക്കം. ദേശീയരംഗത്തെ ഇടപെടൽ, മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം, ദളിത് പശ്ചാത്തലം എന്നിവ ഡി രാജയ്ക്ക് അനുകൂല ഘടകങ്ങളാണ്. അതുൽകുമാർ അഞ്‍‍‍ജാൻ, അമർജീത് കൗർ എന്നിവരുടെ പേരുകളും ചർച്ചകളിൽ ഉയർന്നു വരാം. സമവായത്തിലെത്താനായില്ലെങ്കില്‍ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയെ നിയമിച്ച് അടുത്ത പാർട്ടി കോൺഗ്രസ് വരെ സുധാകർ റെഡ്ഡി തുടരുക എന്ന നിർദ്ദേശവും വന്നേക്കും. രാവിലെ എക്സിക്യൂട്ടീവ് പൂര്‍ത്തിയാക്കി ഉച്ചതിരിഞ്ഞ് കൗണ്‍സില്‍ ചേരും. ഞായറാഴ്ച തീരുമാനം വരും.