കൊൽക്കത്ത: കൊൽക്കത്ത തുറമുഖത്തിന് ഭാരതീയ ജനസംഘം സ്ഥാപക പ്രസിഡന്റ് ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകിയതിന് പിന്നാലെ കേന്ദ്രത്തിനെതിരെ വിമർശനവുമായി സിപിഐ(എം) നേതാവും മുൻ എംപിയുമായ മുഹമ്മദ് സലിം. കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ ആഘോഷവേളയിലാണ് തുറമുഖത്തിന്റെ പേര് മാറ്റിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

"മോദി അധികാരത്തിൽ വന്നപ്പോൾ, ഞങ്ങൾ കരുതിയത് മാറ്റങ്ങൾ(ഗെയിം ചേയ്ഞ്ചർ) കൊണ്ടുവരുമെന്നാണ്. എന്നാൽ, പേര് മാറ്റുന്നവരായാണ് ഞങ്ങൾ ഇപ്പോൾ സർക്കാരിനെ കാണുന്നത്"മുഹമ്മദ് സലിം പറഞ്ഞു. പൗരത്വ നിയമ ഭേ​ദ​ഗതിക്കും (സി‌എ‌എ) ദേശീയ പൗരത്വ രജിസ്റ്ററിനും (എൻ‌ആർ‌സി) വിവിധ വ്യാഖ്യാനങ്ങൾ നൽകി ബിജെപി നേതാക്കൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഹമ്മദ് സലിം കൂട്ടിച്ചേർത്തു.

തുറമുഖത്തിന്റെ പേര് മാറ്റിയതിൽ പ്രതികരണവുമായി തൃണമൂൽ കോൺ​ഗ്രസ് നേതാവ് അഭിഷേക് ബാനർജിയും രംഗത്തെത്തി. കൊൽക്കത്ത തുറമുഖം പുനർനാമകരണം ചെയ്യുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ പേര് മാറ്റം ബംഗാളിലെ സാധാരണക്കാരുടെ ജീവിതത്തിന് ഒരു ആശ്വാസമോ പ്രയോജനമോ നൽകില്ലെന്നും അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.

"പ്രധാനമന്ത്രി മോദി കൊൽക്കത്ത തുറമുഖത്തിന്റെ പേര് മാറ്റിയതുമായി ബന്ധപ്പെട്ട് ബംഗാളിന് യാതൊരു അഭിപ്രായവുമില്ല. ദുഃഖകരമെന്നു പറയട്ടെ, പേര് മാറ്റം ബംഗാളിലെ സാധാരണക്കാരുടെ ജീവിതത്തിന് ആശ്വാസമോ പ്രയോജനമോ നൽകില്ല"അഭിഷേക് ബാനർജി ട്വിറ്ററിൽ കുറിച്ചു.

Read Also: കൊൽക്കത്ത തുറമുഖത്തിന് ശ്യാമപ്രസാദ് മുഖർജിയുടെ പേര് പ്രഖ്യാപിച്ച് മോദി