കൊൽക്കത്ത: കൊൽത്തക്ക തുറമുഖം ഇനി മുതൽ ഭാരതീയ ജനസംഘം സ്ഥാപക പ്രസിഡന്റ് ശ്യാമപ്രസാദ് മുഖർജിയുടെ പേരിലായിരിക്കും അറിയപ്പെടുക. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ ആഘോഷവേളയിലാണ് പേര് മാറ്റിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതേസമയം, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

''ബംഗാളിനും കൊൽക്കത്ത പോർട്ട് ട്രസ്റ്റുമായി ബന്ധമുള്ളവർക്ക് ഇന്നത്തെ ദിവസം സുപ്രധാനമാണ്. ഇന്ത്യയുടെ വ്യാവസായികം, ആത്മീയത, സ്വയം പര്യാപ്ത എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ഈ തുറമുഖം. ഇന്ത്യ സ്വാതന്ത്ര്യം നേടിയതും പുരോ​ഗതിയിലേക്ക് കുതിച്ചതും കണ്ട തുറമുഖമാണിത്. കൊൽക്കത്ത തുറമുഖം ഇനി മുതൽ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ പേരിൽ അറിയപ്പെടും.'' പ്രധാനമന്ത്രി മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മമത ബാനർജി വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള മോദിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലെത്തിയത്. നിരവധി പരിപാടികളിൽ മോദി പങ്കെടുക്കുന്നുണ്ട്. മോദി പങ്കെടുക്കുന്ന പരിപാടികളിൽ വേദി പങ്കിടില്ലെന്ന് മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു.