കൂടുതൽ കുട്ടികളുള്ളവർക്ക് ധനസഹായം പ്രഖ്യാപിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ജനസംഖ്യാ നയത്തിനെതിരെ സി.പി.ഐ എം.പി പി. സന്തോഷ് കുമാർ. ഇതൊരു 'വൃത്തികെട്ട രാഷ്ട്രീയം' ആണെന്നും കുടുംബാസൂത്രണം ഗൗരവമായി കാണുന്ന രാജ്യത്ത് ഇത്തരം പ്രഖ്യാപനങ്ങൾ വിചിത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദില്ലി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പുതിയ ജനസംഖ്യാ നയത്തിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ എം.പി പി. സന്തോഷ് കുമാർ. മൂന്നാമത്തെയും നാലാമത്തെയും കുട്ടികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ 'വൃത്തികെട്ട രാഷ്ട്രീയം' എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ദില്ലിയിൽ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Add Asianetnews as a Preferred SourcegooglePreferred

'വിവേകമുള്ള ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്താൻ കഴിയുക? അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്?' എന്ന് സന്തോഷ് കുമാർ ചോദിച്ചു. ഇത്തരം വിചിത്രമായ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ ചന്ദ്രബാബു നായിഡു നേരത്തെ തന്നെ പ്രശസ്‌തി നേടിയതാണ്. രാജ്യം അതീവ ഗൗരവത്തോടെ കുടുംബാസൂത്രണ നടപടികൾ സ്വീകരിക്കുകയും പല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ജനസംഖ്യാ നിയന്ത്രണം അത്യാവശ്യമായി വരികയും ചെയ്യുന്ന സാഹചര്യത്തിൽ, ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.

Scroll to load tweet…

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനനനിരക്ക് കുറയുന്നത് ഭാവിയിൽ രാഷ്ട്രീയവും സാമ്പത്തികവുമായ തിരിച്ചടികൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്കാണ് അധിക ആനുകൂല്യം നൽകുന്നത്. മൂന്നാമത്തെ കുട്ടിയുണ്ടായാൽ 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയും സർക്കാർ ധനസഹായമായി നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ ജനസംഖ്യാ വളർച്ചയിൽ ഉണ്ടായ ഇടിവിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, മക്കൾ നമ്മുടെ സമ്പാദ്യമാണെന്നും ഇതാണ് തനിക്ക് എല്ലാ കുടുംബങ്ങൾക്കും നൽകാനുള്ള സന്ദേശമെന്നും വ്യക്തമാക്കിയിരുന്നു.