Asianet News MalayalamAsianet News Malayalam

പാർട്ടി പാതകയ്ക്കൊപ്പം ദേശീയ പതാകയും; സിപിഐ പാർട്ടി കോൺഗ്രസിന് തുടക്കമായി, ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം

ലോകസഭ തെരഞ്ഞെടുപ്പ്  മുന്നില്‍ കണ്ട് ഇടത് പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് പ്രതിനിധി സമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രറി ഡി രാജ പറഞ്ഞു.

cpi party congress started national flag was hoisted with party flag
Author
First Published Oct 15, 2022, 2:08 PM IST

ദില്ലി: ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇടത് നേതാക്കള്‍. ലോകസഭ തെരഞ്ഞെടുപ്പ്  മുന്നില്‍ കണ്ട് ഇടത് പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് പ്രതിനിധി സമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രറി ഡി രാജ പറഞ്ഞു. അതേസമയം പ്രായപരിധി ഏർപ്പെടുത്താന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചാല്‍ മുതിര്‍ന്ന നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.

ഇത് ആദ്യമായി പാര്‍ട്ടി പതാകക്കൊപ്പം ദേശീയ പതാകയും ഉയർത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സ്വാതന്ത്ര സമര സേനാനി എട്ടുകുറി കൃഷ്ണമൂര്‍ത്തി ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി സുധാകർ റെഡ്ഡി പാര്‍ട്ടി പതാകയും ഉയർത്തി. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ഡി രാജ മോദി സർക്കാരിനും ആർ‍എസ്എസിനുമെതിരെ വിമ‍ർശനമുയര്‍ത്തി. ഇടത് ഐക്യവും ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യവും ബിജെപിക്കെതിരെ ഉണ്ടാകണമെന്ന് രാജ ആവശ്യപ്പെട്ടു.

വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണെന്നും കേരളത്തിലെ ഇടത് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയും ആർഎസ്എസും നിരന്തര ശ്രമിക്കുന്നുവെന്നും സമ്മേളനത്തില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു. രാജക്കൊപ്പം തന്നെ ഐക്യ ആവശ്യം യെച്ചൂരിയും ഉയർത്തി. എന്നാല്‍ തെരഞ്ഞെടുപ്പിനായുള്ള താല്‍ക്കാലിക ഐക്യം മാത്രമായി ഒതുങ്ങരുതെന്ന് ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ദേവരാജൻ പറഞ്ഞു. 

രാഷ്ട്രീയ പ്രമേയം, പ്രവർത്തന റിപ്പോർട്ട് റിപ്പോർട്ട് ഉള്‍പ്പെടെുയുള്ളവ ഉച്ചക്ക് ശേഷം അവതരിപ്പിക്കും. എഴുപത്തിയഞ്ച് വയസ് പ്രായപരിധി പാര്‍ട്ടിയില്‍ ഏർപ്പെടുത്താൻ സമ്മേളനത്തില്‍ തീരുമാനിച്ചാല്‍ എഴുപത്തിയഞ്ച് കടന്നവരെ ഉന്നതാധികാര സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്താൻ ആലോചനയുണ്ട്. വൈകിട്ട് അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയം സംഘടന റിപ്പോർട്ട് അടക്കമുള്ളവയില്‍ വരും ദിവസങ്ങളില്‍ വിശദ ചർച്ചകളും നടക്കും.

Follow Us:
Download App:
  • android
  • ios