കോണ്‍ഗ്രസ് പതാക വണ്ടിയില്‍ കെട്ടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം വോട്ട് തേടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഫോട്ടോ വച്ചാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പ്രചാരണം.
കൊൽക്കത്ത: കേരളത്തിലെ രാഷ്ട്രീയ വൈരികൾ അങ്ങ് പശ്ചിമ ബംഗാളിൽ സ്നേഹിതരാണ്. സിപിഎമ്മിനെയും കോൺഗ്രസിനെയും കുറിച്ചാണ്. കോണ്‍ഗ്രസ് പതാക വണ്ടിയില്‍ കെട്ടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം വോട്ട് തേടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഫോട്ടോ വച്ചാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പ്രചാരണം.
ഒരു മനസ്സോടെ ഒറ്റ സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കുന്ന സിപിഎം - കോണ്‍ഗ്രസ് പ്രവർത്തകർ. ഒറ്റക്കമ്പില്‍ കെട്ടിയ പാർട്ടി പതാകകള്‍. സിപിഎം പാര്‍ട്ടി ചിഹ്നത്തിലെ ചുറ്റിക കൈപ്പത്തിയായി പരിണമിക്കുക പോലും ചെയ്തിരിക്കുന്നു. എല്ലാ അർത്ഥത്തിലും സഖ്യമായി മാറിയിരിക്കുന്നു ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വാഹനത്തില്‍ ചെങ്കൊടിക്കൊപ്പം മൂവർണ്ണക്കൊടിയും ചേർത്ത് കെട്ടി പ്രചരണം നടത്തിയാണ് വോട്ട് ചോദിക്കുന്നത്..
പ്രചാരണ റാലികളില്‍ കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നേതാക്കള്‍ക്ക് തുല്യപ്രധാന്യമുണ്ട്. പോസ്റ്ററുകളിലും ചിത്രങ്ങളിലും എല്ലാം സന്തുലിതം. കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ മണ്ഡലത്തിലെ കൂറ്റൻ ഫ്ലക്സുകളില്‍ അദ്ദേഹത്തോടൊപ്പം തന്നെ വലുപ്പത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചിത്രം. അധിർ രഞ്ജൻ ചൗധരിക്കായി സിപിഎം നേതാക്കളും പ്രചാരണം നടത്തുന്നു. പ്രചാരണ വേദികളില്‍ ചെങ്കൊടി പാറുന്നു. മുൻപുണ്ടായിരുന്ന ശത്രുത അണികളും മറന്ന് കഴിഞ്ഞു. ഒന്നിച്ച് പ്രവർത്തിക്കാൻ സന്തോഷമേയുള്ളൂവെന്ന് കോണ്‍ഗ്രസ് - സിപിഎം പ്രവർത്തകർ ഒരേ സ്വരത്തില്‍ പറയുന്നു.
ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു; തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ
ബിജെപി - തൃണമൂല്‍ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുണ്ടെങ്കിലും പരസ്പരം ധാരണയുണ്ടെന്നാണ് സിപിഎം - കോണ്‍ഗ്രസ് വിലയിരുത്തല്‍. അതിനാല്‍ തോല്‍പ്പിക്കാൻ സഖ്യം കൂടിയേ തീരൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ധാരണയോടെയും 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയായും മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് - സിപിഎം ബാന്ധവത്തിന് കാര്യമായ അനക്കം ഉണ്ടാക്കാനായിരുന്നില്ല. സഖ്യം ഇത്തവണ സാഹചര്യത്തിന് മാറ്റം വരുത്തുമെന്നാണ് ഇരു പാർട്ടികളുടെയും വിലയിരുത്തല്‍.

