ഹൈദരാബാദിൽ സിപിഎം കേന്ദ്രകമ്മിറ്റി കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരികയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ചായിരുന്നു മൂന്ന് ദിവസമായി ചേർന്ന യോഗം ചർച്ച  ചെയ്തത്. 

ഹൈദരാബാദ്/ ദില്ലി: സിപിഎം പാർട്ടി കോൺഗ്രസ് തീയതികൾ പ്രഖ്യാപിച്ചു. കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും പാർട്ടി കോൺഗ്രസ് നടത്തുക. ഹൈദരാബാദിൽ സിപിഎം കേന്ദ്രകമ്മിറ്റി കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരികയായിരുന്നു. 

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ചായിരുന്നു മൂന്ന് ദിവസമായി ചേർന്ന യോഗം ചർച്ച ചെയ്തത്. ബിജെപിക്കെതിരെ മതേതര ശക്തികളെ ഒന്നിച്ച് നിർത്തി പോരാടണമെന്ന് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലടക്കം ജനാധിപത്യ മതേതര കക്ഷികളെ ഒന്നിപ്പിക്കാനുള്ല ശ്രമങ്ങള്‍ ഉണ്ടാകണമെന്നും സിസി യോഗം അഭിപ്രായപ്പെട്ടു. കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേൽ നടന്ന ച‍ർച്ചകള്‍ക്ക് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറഞ്ഞു. 

ഇടത് ബദൽ വളർത്തിക്കൊണ്ടുവരണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയിൽ തത്വത്തിൽ തീരുമാനമായത്. ദേശീയതലത്തിൽ ഒരു മുന്നണി രൂപീകരണം ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് സഖ്യങ്ങൾ അതാത് സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാനതലത്തിലാകും ഉണ്ടാകുക. ബംഗാൾ മാതൃകയിലുള്ള സഖ്യം ഇനി വേണോ എന്ന കാര്യത്തിൽ അതാത് സാഹചര്യം അനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂ. 

ബിജെപി തന്നെയാണ് മുഖ്യശത്രുവെന്ന കാര്യത്തിൽ കേന്ദ്രകമ്മിറ്റി യോഗത്തിൽ ഏകാഭിപ്രായമായിരുന്നു. ബിജെപിക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളെയും ഒന്നിപ്പിക്കണമെന്നും സിസി ഏകകണ്ഠമായി നിലപാടെടുത്തു. കോൺഗ്രസിനെ ഇതിൽ നിന്ന് മാറ്റി നിർത്തില്ല. എന്നാൽ കോൺഗ്രസിന്‍റെ മതനിരപേക്ഷ നിലപാടിൽ വ്യക്തത വേണമെന്നും സിസി അഭിപ്രായപ്പെട്ടു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കരട് രാഷ്ട്രീയപ്രമേയം കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. ഫെബ്രുവരി ആദ്യവാരം കരട് രേഖ പ്രസിദ്ധപ്പെടുത്തും. അന്തിമരേഖ തയ്യാറാക്കാൻ പൊളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇനി വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിലാകും പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയം തീരുമാനിക്കപ്പെടുക. ജനങ്ങളുടെ നിലപാട് കൂടി കേട്ട ശേഷം പാർട്ടി കോൺഗ്രസിൽ വിശദമായ ചർച്ചയുണ്ടാകും. അതിന് ശേഷമാകും അന്തിമരേഖയും നിലപാടും സ്വീകരിക്കുക. 

യുപിയിൽ എസ്പിക്ക് പിന്തുണ

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സിസി യോഗത്തിന് ശേഷം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനാവശ്യമായ നയം തന്നെയാകും സിപിഎം സ്വീകരിക്കുക. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്കാകും സിപിഎമ്മിന്‍റെ പിന്തുണ. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ ജനവികാരം ശക്തമാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്‍റെ നടത്തിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണം. തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പ്രധാനമന്ത്രി ചട്ടം ലംഘിച്ചാലും നടപടി ഉണ്ടാകണം. ഹരിദ്വാറിൽ മുസ്ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തെ അപലപിക്കുന്നുവെന്ന് പറഞ്ഞ യെച്ചൂരി, ബിജെപി പണവും അധികാരവും ഉപയോഗിച്ച് ഇടപെടലിന് ശ്രമിക്കുകയാണെന്ന് ആരോപിച്ചു. 

സഖ്യങ്ങളുണ്ടാക്കി ബിജെപിയെ നേരിടേണ്ടത് സംസ്ഥാന തലത്തിലാണ്. തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തീരുമാനം എടുക്കും. ബിജെപിയെ തോൽപ്പിക്കുകയാണ് ഏറ്റവും പ്രധാനം. അതിനായി എല്ലാ ജനാധിപത്യ കക്ഷികളുടെയും പിന്തുണ സമാഹരിക്കുമെന്നും യെച്ചൂരി പറഞ്ഞു.