പാർലമെൻറ് സമ്മേളനം വിളിക്കാനുള്ള നിർദ്ദേശം അംഗീകരിക്കാത്ത കേന്ദ്ര സർക്കാരിന്റെ സമീപനം ഒട്ടും ഉചിതമല്ലെന്ന നിലപാടിൽ സിപിഎം
ദില്ലി : പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ തുടർച്ചയായ പോരാട്ടവും ഓപ്പറേഷൻ സിന്ദൂരും വിശദീകരിക്കാൻ, ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന സർവ്വകക്ഷി സംഘവുമായി സഹകരിക്കുമെന്ന് സിപിഎം നേതൃത്വം. ഇന്ത്യയുടെ നിലപാട് ഉന്നയിക്കാൻ പോകുന്ന സംഘത്തോട് നിസഹകരിക്കുന്നത് ഉചിതമാവില്ലെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ.
എന്നാൽ ഇന്ത്യാ പാക് സംഘർഷത്തെ കുറിച്ചും ഓപ്പറേഷൻ സിന്ദൂറും വിശദീകരിക്കാൻ പാർലമെൻറ് സമ്മേളനം വിളിക്കാനുള്ള നിർദ്ദേശം അംഗീകരിക്കാത്ത കേന്ദ്ര സർക്കാരിന്റെ സമീപനം ഒട്ടും ഉചിതമല്ലെന്ന നിലപാടിലാണ് സിപിഎം.
ശശി തരൂർ, രവിശങ്കർ പ്രസാദ്, സഞ്ജയ് ഝാ, ബൈജയന്ത് പാണ്ഡ, കനിമൊഴി, സുപ്രിയ സുലേ, ശ്രീകാന്ത് ഷിൻഡേ എന്നിവരാണ് വിദേശപര്യടനത്തിനുള്ള ഏഴ് സംഘങ്ങളെ നയിക്കുന്നത്. സർവ്വകക്ഷി സംഘങ്ങളിലെ നേതാക്കളെ വിദേശകാര്യമന്ത്രി കാണും. യാത്രയ്ക്ക് മുമ്പ് വിദേശകാര്യ മന്ത്രാലയം നേതാക്കളെ ഇന്ത്യൻ നിലപാട് അറിയിക്കും.
പാകിസ്ഥാൻ, ഭീകരപ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ കൂടുതല്‍ തുറന്ന് കാട്ടാന്‍ പ്രതിനിധി സംഘത്തെ അയക്കാനുള്ള ഇന്ത്യയുടെ തീരുമാനം നയതന്ത്ര തലത്തിലെ നിര്‍ണ്ണായക നീക്കമാണ്. പഹല്‍ഗാം ആക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെയുള്ള നിര്‍ണ്ണായക നാളുകള്‍ വിശദീകരിക്കുകയാണ് സംഘങ്ങളുടെ ദൗത്യം. ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്നതാണ് ദൗത്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള എംപിമാരും മുന്‍ മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരും സംഘത്തിൽ ഉൾപ്പെടും.യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലാകും പര്യടനം. രാഷ്ട്രീയ പാര്‍ട്ടികളോടാലോചിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് എംപിമാരുടെ പട്ടിക തയ്യാറാക്കിയത്.
കേരളത്തില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ് എംപി, ഇ ടി മുഹമ്മദ് ബഷീർ, വി മുരളീധരൻ എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.



