സര്‍ക്കാരിന്‍റെ ഒരു നടപടിയെയും വിമര്‍ശിക്കാനില്ലെന്നും സര്‍ക്കാര്‍ പറഞ്ഞതെല്ലാം കേട്ടുവെന്നും എല്ലാവരും ഒന്നിച്ച് നിൽക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ സര്‍വകക്ഷി യോഗത്തിനുശേഷം പറഞ്ഞു.

ദില്ലി: ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കളും കേന്ദ്ര മന്ത്രിമാരുമടക്കം പങ്കെടുത്ത സര്‍വകക്ഷി യോഗം സമാപിച്ചു. പാക് പ്രകോപനം തുടര്‍ന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ നയമെന്നും സൈനിക നടപടിയിൽ പൂര്‍ണ പിന്തുണ അറിയിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

സര്‍ക്കാരിന്‍റെ ഒരു നടപടിയെയും വിമര്‍ശിക്കാനില്ല. സര്‍ക്കാര്‍ പറഞ്ഞതെല്ലാം കേട്ടു. എല്ലാവരും ഒന്നിച്ച് നിൽക്കും. ഈ ദുർഘട നിമിഷയത്തിൽ എല്ലാ പിന്തുണയും നൽകും. ഇത്തരമൊരു സന്ദർഭത്തിൽ സര്‍വകക്ഷി യോഗത്തിൽ പങ്കെടുക്കണോയെന്ന ഔചിത്യബോധം പ്രധാനമന്ത്രിക്കാണ് ഉണ്ടാകേണ്ടത്. അതിനെ വിമര്‍ശിക്കുന്നില്ലെന്നും രാജ്യത്തെ സാഹചര്യം മറ്റൊന്നാണെന്നും ഖർഗെ പറഞ്ഞു.

സര്‍വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് യോഗത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികള്‍ വിശദീകരിച്ചത്. മൂന്ന് മണിക്കൂർ നീണ്ട് സർവകക്ഷിയോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും നേതാക്കള്‍ പക്വതയോടെ പെരുമാറിയെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ആക്രമണത്തെ കുറിച്ചുള്ള ബ്രീഫിംഗ് പ്രത്യേകിച്ച് ഉണ്ടായിരുന്നില്ലെന്ന് യോഗത്തിനുശേഷം ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ഇന്ത്യയുടെ ജെറ്റ് വിമാനം വെടിവെച്ചിട്ടു എന്ന വാർത്തകളിൽ സർക്കാർ പ്രതികരണം യോഗത്തിൽ ആവശ്യപ്പെട്ടു. പ്രത്യേക പാർലമെന്‍റ് സെഷൻ വിളിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്‍റെ ഭാഗത്തുനിന്ന് ചോദ്യങ്ങൾക്ക് പ്രതികരണങ്ങൾ ഉണ്ടായില്ല. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങൾ ഉണ്ടാകില്ല എന്ന സൂചനയാണ് യോഗത്തിൽ ലഭിച്ചത്. വിവിധ പാർട്ടികളുടെ അഭിപ്രായം ആരായാൻ വേണ്ടി മാത്രമായിരുന്നു യോഗം. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തെ വിവിധ രാഷ്ട്രീയപാർട്ടികൾ യോഗത്തിൽ വിമർശിച്ചു.

ഇന്ത്യ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നേടിയിട്ടുണ്ട് എന്ന് രാജ് നാഥ് സിംഗ് യോഗത്തിൽ അറിയിച്ചു. റഫാൽ അടക്കം ഇന്ത്യയുടെ അഞ്ച് ജെറ്റ് വിമാനങ്ങൾ തകർത്തുവെന്ന പാകിസ്ഥാൻ വാദത്തെ കുറിച്ചും മസൂദ് അസറിനെ കുറിച്ചുള്ള ചോദ്യവും യോഗത്തിൽ ഉയർന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

ഇന്ത്യ ഒറ്റക്കെട്ടായി ഭീകരതയെ നേരിടുമെന്ന പ്രഖ്യാപനമാണ് യോഗത്തിൽ ഉണ്ടായത് പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മറുപടി ഉണ്ടായില്ല. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിവരിക്കാത്തതിന്‍റെ കാരണം ചോദിച്ചപ്പോള്‍ ഓപ്പറേഷൻ അവസാനിച്ചിട്ടില്ല എന്നായിരുന്നു മറുപടി. ഓപ്പറേഷനിൽ 100 പേർ കൊല്ലപ്പെട്ടുവെന്നാണ് രാജ്നാഥ് സിംഗ് യോഗത്തിൽ അറിയിച്ചത്. കൃത്യമായ കണക്ക് പുറത്തു വന്നിട്ടില്ലെന്നും രാജ്നാഥ് സിങ് അറിയിച്ചതായി ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

YouTube video player