ദില്ലി: രണ്ട് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേരളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ന് ചർച്ച ഉണ്ടാകും എന്നാണു സൂചനകള്‍. വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന ഘടകത്തിന്‍റെ റിപ്പോര്‍ട്ട്. 

കേരള സർക്കാരിനെതിരായ പ്രതിപക്ഷ ആക്രമണം പ്രതിരോധിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിർദേശമുയർന്നിരുന്നു. കോൺഗ്രസ് ബിജെപിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ. കൺസൾട്ടൻസി കരാറുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ച വിവരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സിസി അംഗങ്ങളെ അറിയിച്ചിരുന്നു.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഓൺലൈനായി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് രണ്ട് ദിവസത്തെ യോഗം നടക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റ് രണ്ട് അംഗങ്ങളും മാത്രമാണ് ദില്ലിയിലെ ഗോൽ മാർക്കറ്റിനടുത്തുള്ള ഭായ് വീർ സിംഗ് മാർഗിലെ എകെജി ഭവനിൽ എത്തിയത്.