കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. വികസനം ചർച്ച ചെയ്യാതെ വ്യക്തിഹത്യ നടത്തുന്നത് രാഷ്ട്രീയ പതനമാണെന്നും ഇത് പൊതുരംഗത്തെ എല്ലാ സ്ത്രീകൾക്കും നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. '
തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയെ വ്യക്തിപരമായി അധിക്ഷേപിച്ച യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം ഒരു ജനപ്രതിനിധിയുടെ ശരീര സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ഹീനമായ വാക്കുകൾ കൊണ്ട് ആക്ഷേപിക്കുന്നത് രാഷ്ട്രീയ പതനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പൊതുപ്രവർത്തകയെ അവരുടെ പ്രവർത്തനങ്ങൾ കൊണ്ട് നേരിടാൻ കഴിയാത്തപ്പോഴാണ് വലതുപക്ഷം ഇത്തരത്തിലുള്ള ഹീനമായ വ്യക്തിഹത്യയിലേക്ക് നീങ്ങുന്നത്. ഇത് സഖാവ് പ്രതിഭയ്ക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകൾക്കുമെതിരെയുള്ള വെല്ലുവിളിയാണ്. യുഡിഎഫിന്റെ കാപട്യം: 'അവൾക്കൊപ്പം' എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും സ്വന്തം മുന്നണിയിലെ നേതാക്കൾ നടത്തുന്ന സ്ത്രീവിരുദ്ധതയ്ക്കെതിരെ പുലർത്തുന്ന മൗനം അവരുടെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്.
കഴിഞ്ഞ അഞ്ച് വർഷം കായംകുളത്ത് യു. പ്രതിഭ നടത്തിയ ജനകീയ ഇടപെടലുകളെയും വികസനത്തെയും രാഷ്ട്രീയമായി നേരിടാൻ യുഡിഎഫിന് കഴിയുന്നില്ല. അതുകൊണ്ടാണ് സ്ത്രീകളെ അവഹേളിച്ച് വോട്ട് നേടാമെന്ന് അവർ കരുതുന്നത്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന മനോഭാവത്തെ കേരളം തള്ളിക്കളയും. സ്ത്രീകളുടെ അഭിമാനത്തിനൊപ്പം നിൽക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പമാകും നാട്.
കായംകുളത്ത് വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ 'ശരീര അഴക്' കൊണ്ടാണ് യു. പ്രതിഭ വീണ്ടും വോട്ട് തേടുന്നത് എന്നായിരുന്നു യുഡിഎഫ് കൺവീനർ ഇർഷാദ് ചക്കാലശ്ശേരിയുടെ വിവാദ പരാമർശം. പ്രസ്താവന പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഇദ്ദേഹത്തിനെതിരെ ഉയരുന്നത്.


