ബദര്‍പുരില്‍ ജഗദീഷ് ചന്ദുംകാരവാള്‍ നഗറില്‍ രഞ്ജിത്ത് തിവാരിയും വസീര്‍പുരില്‍ നന്ദുറാമുമാണ് സിപിഎമ്മിനായി മത്സര രംഗത്തുണ്ടായിരുന്നത്.
ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിച്ചത്. ബദര്‍പുര്‍, കാരാവാള്‍ നഗര്‍, വസീര്‍പുര്‍ എന്നിവിടങ്ങളിലാണ് സിപിഎം സ്വന്തം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയത്. ബദര്‍പുരില്‍ ജഗദീഷ് ചന്ദുംകാരവാള്‍ നഗറില്‍ രഞ്ജിത്ത് തിവാരിയും വസീര്‍പുരില്‍ നന്ദുറാമുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. എന്നാല്‍, ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ച വോട്ട് പോലും നേടാനായില്ലെന്നതാണ് വാസ്തവം. മൊത്തം വോട്ട് വിഹിതത്തില്‍ 0.01 ശതമാനമാണ് സിപിഎം പെട്ടിയില്‍ വീണത്. 0.02 ശതമാനം വോട്ട് നേടിയ സിപിഐ സിപിഎമ്മിനേക്കാള്‍ കൂടുതല്‍ വോട്ട് വിഹിതം നേടി.
ബദര്‍പുരില്‍ ജഗദീഷ് ചന്ദ് വെറും 585 വോട്ടാണ് നേടിയത്. അതേ സമയം ഇവിടെ നോട്ടക്ക് 656 വോട്ട് ലഭിച്ചു. 78095 വോട്ട് നേടിയ എഎപിയാണ് മണ്ഡലത്തില്‍ വിജയിച്ചത്. 77160 വോട്ട് നേടിയ ബിജെപി രണ്ടാമതതെത്തി. മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ നിലയും പരിതാപകരമാണ്. ഏറെക്കാലം ദില്ലി ഭരിച്ച കോണ്‍ഗ്രസിന് ബദര്‍പുരില്‍ വെറും 1384 വോട്ടാണ് നേടാനായത്. കാരാവാള്‍ നഗറില്‍ സിപിഎം സ്ഥാനാര്‍ത്ഥി രഞ്ജിത് തിവാരി 414 വോട്ട് നേടി. അതില്‍ ഒരെണ്ണം പോസ്റ്റല്‍ വോട്ടാണെന്നതും ശ്രദ്ധേയം. 96721 വോട്ട് നേടിയ ബിജെപിയാണ് മണ്ഡലത്തില്‍ ജയിച്ചത്. കോണ്‍ഗ്രസിന് 2242 വോട്ട് ലഭിച്ചു. ഇവിടെ നോട്ടക്ക് 373 വോട്ട് ലഭിച്ചു.
വസിര്‍പുരില്‍ വെറും 139 വോട്ടാണ് സിപിഎം സ്ഥാനാര്‍ത്ഥി നാഥു റാമിന് കിട്ടിയത്. നോട്ടക്ക് 477 വോട്ട് ലഭിച്ചു. 57331 വോട്ട് നേടിയ എഎപിയാണ് ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസിന് 3501 വോട്ട് ലഭിച്ചു. മൂന്ന് മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഎമ്മിന് 1138 വോട്ടാണ് ലഭിച്ചത്.
പൗരത്വനിയമ ഭേദഗതിയില്‍ ദില്ലിയില്‍ നടന്ന സമരങ്ങളിലും സിപിഎം സാന്നിധ്യമുണ്ടായിരുന്നു. സിപിഎം ഭരിക്കുന്ന കേരളത്തില്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയും സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തും സിപിഎം മറ്റ് പാര്‍ട്ടികള്‍ക്ക് മാതൃകയാകുകയും ദേശീയതലത്തില്‍ സിപിഎം നിലപാട് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‍രിവാള്‍ സിപിഎം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനെ ക്ഷണിക്കുകയും ചെയ്തു.
