ലഖ്നൗ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പുത്തൻ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. 'ഓപ്പറേഷൻ ദുരാചാരി' എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സ്ത്രീകൾക്കെതിരായ ബലാത്സംഗ കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും പ്രതികളായവരെ പരസ്യമായി പ്രദർശിപ്പിക്കുകയാണ് പുതിയ പദ്ധതിയിൽ ചെയ്യുന്നത്. പീഡന, ബലാത്സംഗ കേസ് പ്രതികളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ തെരുവുകളിൽ സ്ഥാപിക്കും. 

പീഡനക്കേസുകളിൽ പ്രതിയാകുന്ന ആളുകളുടെ വിശദാംശങ്ങൾ പുറംലോകത്ത് അറിയാറില്ല. ഇത് ഒഴിവാക്കാനാണ് കുറ്റവാളികളുടെ പോസ്റ്ററുകൾ പതിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വനിതാ പൊലീസുദ്യോഗസ്ഥര്‍ മാത്രമാകും കൈകാര്യം ചെയ്യുക.
 
സ്ത്രീകൾക്കെതിരെ എന്തെങ്കിലും അതിക്രമങ്ങൾ നടന്നാൽ ബീറ്റ് ഇൻ ചാർജ്, സ്റ്റേഷൻ ഓഫീസർ, സർക്കിൾ ഓഫീസർ എന്നിവർ ഉത്തരവാദികളായിരിക്കുമെന്നും നടപടി സ്വീകരിക്കാൻ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിനൊപ്പം സ്ത്രീകളെ ശല്യം ചെയ്യുന്നവരെ കണ്ടെത്തി പിടികൂടാന്‍ രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനവും സംസ്ഥാനമൊട്ടാകെ ശക്തിപ്പെടുത്താന്‍ യോഗി  നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.