ദില്ലി: കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. പൊലീസിന്‍റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്ന വിവരമാണ് പുറത്ത് വരുന്നത്. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. നാല് വെടിയുണ്ടകളാണ് ദുബെയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. 

ദുബെയുമായി കാൺപൂരിലേക്ക് പോവുകയായിരുന്നു പൊലീസ്. യാത്രക്കിടെ സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയും, മറിഞ്ഞ വാഹനത്തിൽ നിന്ന് ദുബെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് വെടിവച്ചുവെന്നാണ് പൊലീസ് വിശദീകരണം. പലതവണ വെടിയൊച്ച കേട്ടെന്ന് നാട്ടുകാർ പറയുന്നു. 8 പൊലീസുകാരെ വെടിവച്ചു കൊന്ന കൊടുംകുറ്റവാളിയാണ് ദുബെ.

ദുബെയുമായി പോയ വാഹനം കാൺപൂരിന് സമീപം അപകടത്തിൽ പെട്ടിരുന്നു. " അപകടത്തിൽ പരിക്കേറ്റ വികാസ് ദുബൈ പൊലീസുകാരുടെ തോക്ക് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസുകാർ ദുബെയെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ദുബെ വഴങ്ങിയില്ല. പൊലീസുകാർക്കെതിരെ വെടിയുതിർത്ത ദുബെയെ ആത്മരക്ഷാർത്ഥം വെടിവയ്‍ക്കേണ്ടതായി വന്നത് " - യുപി പൊലീസിന്‍റെ വിശദീകരണം ഇങ്ങനെയാണ്.

Read more at: എട്ടുപോലീസുകാരെ വധിച്ച വികാസ് ദുബെ പിടിയിൽ, അറിയാം ശിവ്‌ലിയിലെ ഈ കുപ്രസിദ്ധ ഡോണിന്റെ കുറ്റകൃത്യങ്ങളുടെ ചരിത്രം.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി. കാൺപൂരിലെ ഹൈലാൻ്റ് ആശുപത്രിയിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥ‌‌‌‌ർ എത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാ‌ർക്ക് പരിക്കേറ്റിട്ടുണ്ട്. കാൺപൂ‌ർ ന​ഗരത്തിൽ നിന്ന് 17 കിലോമീറ്റ‌ർ അകല ബാരാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. 

ഏറ്റുമുട്ടൽ ആസൂത്രിതമോ ?
 

ഇതിനിടെ ആസൂത്രിതമായി ദുബെയെ കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപണമുയരുന്നുണ്ട്. മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് മറിഞ്ഞത് കാറല്ല, രഹസ്യങ്ങൾ പുറത്ത് വന്ന് സർക്കാർ മറിയുന്നതിൽ നിന്ന് രക്ഷപ്പെടുകയാണ് ചെയ്തതെന്ന് ട്വീറ്റ് ചെയ്തു. 


മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ മഹാകാൾ ക്ഷേത്രത്തിൽ നിന്നും ഇന്നലെ പുല‍ർച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാ‍ർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ ഇന്നലെ പുല‍ർച്ചെ നടന്ന ഏറ്റുമുട്ടലിൽ യുപി പൊലീസ് വകവരുത്തിയിരുന്നു. പ്രഹ്ളാദ് എന്ന അനുയായി അറസ്റ്റ് ചെയ്തെങ്കിലും ഇയാൾ പൊലീസിൻ്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഏറ്റുമുട്ടലുണ്ടാവുകയും കൊലപ്പെടുകയും ചെയ്തുവെന്നാണ് യുപി പൊലീസ് നൽകുന്ന വിശദീകരണം. 

കഴിഞ്ഞയാഴ്ച കാൺപൂരിൽ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പൊലീസുകാരായിരുന്നു കൊല്ലപ്പെട്ടത്.