അറസ്റ്റു ചെയ്യാനെത്തിയ സംഘത്തിലെ എട്ടു പൊലീസുകാരെ എകെ 47 ഉൾപ്പെടെയുള്ള തോക്കുകൾ കൊണ്ട് വെടിവെച്ചു കൊന്ന കേസിലെ മുഖ്യ പ്രതി കുപ്രസിദ്ധ ഗ്യാങ്‌സ്റ്റർ വികാസ് ദുബെകൊല്ലപ്പെട്ടിരിക്കുകയാണ് ദുബെയെ ദുബെയെ ഇന്നലെ രാവിലെ മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ച് കാൺപൂർ പോലീസിന്റെ അന്വേഷണ സംഘംനിലെ ഒരു ക്ഷേത്ര പരിസരത്തു വെച്ച്  പിടികൂടുകയായിരുന്നു.  പിടികൂടി മധ്യപ്രദേശ് പൊലീസ് ഉത്തർ പ്രദേശ് പൊലീസിന് കൈമാറിയിരുന്നു. ഉജ്ജയിനിൽ നിന്ന് കാൺപൂരിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസ് വാഹനങ്ങളിൽ ഒന്ന് അപകടത്തിൽ പെടുകയും, അപ്പോഴുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് ദുബെ രക്ഷപെടാൻ ശ്രമിക്കയുമാണ് ഉണ്ടായത് എന്ന് പൊലീസുകാർ പറയുന്നു. ഒരു പൊലീസുകാരന്റെ കൈയിലുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത ആക്രമിച്ച ദുബെയെ ആത്മരക്ഷാർത്ഥമാണ് തങ്ങൾ വെടിവെച്ചത് എന്നാണ് പൊലീസ് ഭാഷ്യം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. 

വികാസ് ദുബെ എന്ന കൊടും ക്രിമിനലിനെ പിടികൂടാൻ വേണ്ടി അയാളുടെ ഗ്രാമത്തിലേക്ക് പോയ പൊലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ ഡിഎസ്പി റാങ്കിലുള്ള ഒരു സർക്കിൾ ഓഫീസറും, മൂന്നു സബ് ഇൻസ്പെക്ടറും, നാലു കോൺസ്റ്റബിൾമാരും അടക്കം എട്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു.  ജൂലൈ രണ്ടാം തീയതി അർധരാത്രിക്ക് ശേഷം കാൺപുരിനടുത്തുള്ള ബിക്രു ഗ്രാമത്തിൽ വെച്ചാണ് കാൺപൂരിലെ നടുക്കിയ ഈ ഏറ്റുമുട്ടൽ നടന്നത്. ആ കൂട്ടക്കൊലക്ക് ശേഷം വികാസ് ദുബൈയെത്തേടി കാൺപൂർ പൊലീസിന്റെ നിരവധി സംഘങ്ങൾ ഉത്തരേന്ത്യ മുഴുവൻ അരിച്ചുപെറുക്കുകയായിരുന്നു.

കെട്ടിടങ്ങൾക്കു മുകളിൽ  എകെ 47 അടക്കമുള്ള യന്ത്രത്തോക്കുകളുമായി ഇരിപ്പുറപ്പിച്ചിരുന്ന ഷൂട്ടർമാരിൽ നിന്ന് ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഏഴു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രത്യാക്രമണത്തിൽ മൂന്ന് അക്രമികളും കൊല്ലപ്പെട്ടു എങ്കിലും, മട്ടുപ്പാവിൽ നിന്നുള്ള ആക്രമണം കടുത്തതോടെ പൊലീസ് സംഘത്തിന് താത്കാലികമായി പിന്മാറേണ്ടി വരികയാണ് അന്നുണ്ടായത്. വെടിയേറ്റ് കൊല്ലപ്പെട്ട പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചുകൊണ്ടാണ് അന്ന് അക്രമികൾ കടന്നുകളഞ്ഞത്. 

 

 

നിരവധി ക്രിമിനൽ കേസുകളിൽ വർഷങ്ങളായി പൊലീസ് തേടിക്കൊണ്ടിരുന്ന വികാസ് ദുബെ ഗ്രാമത്തിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ഗ്രാമവാസികളിൽ ഒരാളിൽ നിന്ന് ചോർന്നുകിട്ടിയ ശേഷമാണ് 50 പേരടങ്ങുന്ന പൊലീസ് സംഘം ദുബെയെ അറസ്റ്റുചെയ്യാനായി ഗ്രാമത്തിലേക്കെത്തിയത്. കമാൻഡിങ് ഓഫീസർ ദേവേന്ദ്ര മിശ്രയാണ് സംഘത്തെ നയിച്ചത്. സംഘം സഞ്ചരിച്ച വഴിയിൽ ഗ്രാമത്തിനടുത്തുള്ള പല റോഡുകളിലും തടസ്സങ്ങളുണ്ടായിരുന്നതിനാൽ ഇങ്ങനെയൊരു സംഘം അറസ്റ്റിനായി ചെല്ലുന്നുണ്ട് എന്ന വിവരം ഈ ക്രിമിനലിന് നേരത്തെ ചോർന്നുകിട്ടിയിരുന്നു എന്നാണ് ഊഹിക്കപ്പെടുന്നത്. ആക്രമണത്തിന് ശേഷം സ്ഥലം വിട്ട വികാസ് ദുബെക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 

ആരാണ് ഈ വികാസ് ദുബെ?

ഉത്തർ പ്രദേശിൽ നടക്കുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങൾക്കും ഒരു കാസ്റ്റ് ആംഗിൾ ഉണ്ടായിരിക്കും. അതിനി ഫൂലൻ ദേവി ആയാലും, പാൻ സിംഗ് തോമർ ആയാലും, അല്ല വികാസ് ദുബൈ ആയാലും, അടിസ്ഥാന പ്രശ്നം കാസ്റ്റ് കോൺഫ്ലിക്റ് ആണ്. ഇന്ത്യയിലെ ജാതീയവിവേചനങ്ങളെപ്പറ്റി പഠിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട മണ്ഡൽ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിഡന്റിന് ടേബിൾ ചെയ്യുന്നത് 1980 -ൽ ആണ്. അടുത്ത ഒമ്പതു വർഷം, അതായത് ഇന്ദിരാഗാന്ധി ഭരിച്ച ആദ്യത്തെ നാല് വർഷവും, ഇന്ദിര കൊല്ലപ്പെട്ട ശേഷം മകൻ രാജീവ് ഗാന്ധി ഭരിച്ച അടുത്ത അഞ്ചു വർഷവും ആ റിപ്പോർട്ട് പെട്ടിക്കുള്ളിൽ തന്നെ ഇരുന്നു. 1989 -ൽ വിപി സിംഗ് വരേണ്ടി വന്നു അതൊന്നു പൊടിതട്ടിയെടുത്ത് നടപ്പിലാക്കുന്നതിനെപ്പറ്റി ആലോചിക്കാൻ. നിലവിലെ സർക്കാർ ജോലികളുടെ 49.5 ശതമാനവും ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം ചെയ്യണം എന്ന് പറയുന്ന ആ റിപ്പോർട്ട് വിപി സിംഗ് നടപ്പിലാക്കിയപ്പോൾ രാജ്യം ഇളകിമറിഞ്ഞു. സംവരണത്തിന്റെ ഗുണം കിട്ടുന്ന, കീഴ്ജാതിക്കാർ ഒരു വശത്തും, അതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടേക്കാവുന്ന ഉയർന്ന ജാതിക്കാർ മറുവശത്തുമായി, വിപിസിങ്ങിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'മണ്ഡൽ vs കമണ്ഡൽ' പൊളിറ്റിക്സ് നടപ്പിൽ വന്ന കാലം.

"

ഉത്തർപ്രദേശിൽ  'കാൻഷിറാം, മുലായം സിംഗ് തുടങ്ങിയ നേതാക്കളുടെ ബലത്തിൽ അന്നുവരെ ബാക്ക് വേഡ് കാസ്റ്റ് എന്ന് വിളിക്കപ്പെട്ടിരുന്നവർ മുഖ്യധാരയിലേക്ക് വന്നുതുടങ്ങിയ കാലം. ആ കാലം, ഉത്തർപ്രദേശിലെ കാൺപൂരിന്റെ പരിസരഗ്രാമങ്ങളിൽ ഭൂമി കയ്യേറ്റത്തിന്റെ കൂടി കാലമായിരുന്നു. ഭാവിയിലെ സ്വർണ്ണം സ്ഥലമാണ് എന്നറിഞ്ഞ പലരും കിട്ടാവുന്നത്ര ഏക്കർ ഭൂമി തുച്ഛമായ വില കൊടുത്തും, ഭീഷണിപ്പെടുത്തിയും ആളെക്കൊന്നും ഒക്കെ സ്വന്തമാക്കിയിരുന്ന കാലം.

അന്നൊക്കെ യുപിയിലെ ഭൂമിയുടെ 90  ശതമാനവും മേൽ ജാതിക്കാരുടെ കയ്യിലായിരുന്നു. മണ്ഡൽ പൊളിറ്റിക്സിന്റെ ബലത്തിൽ അത് പതുക്കെ കീഴ് ജാതിക്കാർ കൈക്കലാക്കാൻ തുടങ്ങി. കയ്യൂക്കിന്റെ ബലത്തിൽ പ്രാദേശികമായി പുതിയ പല നേതാക്കളും ഉയർന്നുവന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ചൗബേപ്പൂർ എന്ന പ്രദേശത്തെ ബിട്ട്‌രൂ ഗ്രാമത്തിലുള്ള വികാസ് ദുബെ എന്നൊരു ബ്രാഹ്മണ യുവാവ് സ്വജാതിക്കാരായ കുറച്ചുപേരെ ഒന്നിച്ചു കൂട്ടി, അയൽഗ്രാമമായ ദിപ്പ നിവാദയിൽ ചെന്ന് തല്ലുണ്ടാക്കി. ഒരു സൈഡിൽ ബ്രാഹ്മണന്മാർ, മറുസൈഡിൽ കീഴ്ജാതിക്കാർ. ദുബെയുടെ സംഘം എതിരാളികളെ അടിച്ചോടിച്ചു. അതോടെ ചൗബേപ്പൂരിന് പുതിയ ഒരു ദാദയെ കിട്ടി. ബ്രാഹ്മണപക്ഷത്തിന് വേണ്ടി തല്ലുണ്ടാക്കിയ ആ യുവാവിനെ ബ്രാഹ്മണർ പണ്ഡിറ്റ്ജി എന്ന് വിളിച്ചു.

ചൗബേപ്പൂരിലെ  ബ്രാഹ്മണർക്ക് എന്തായാലും തങ്ങൾക്കുവേണ്ടി തല്ലുണ്ടാക്കിയ വികാസ് ദുബൈ എന്ന പോക്കിരിയുവാവിനെ നന്നായി ബോധിച്ചു. തങ്ങൾ ചോദിക്കാനും പറയാനും ആരുമില്ലാത്തവർ അല്ല എന്നവർക്ക് തോന്നിത്തുടങ്ങി. അത്യാവശ്യത്തിന് കുപ്രസിദ്ധി ഒക്കെ ആയപ്പോൾ വികാസ് ദുബെ, നാലഞ്ച് ആളെ ചേർത്ത് സ്വന്തം ഒരു ഗ്യാങ്  ഉണ്ടാക്കി. പേര് ബുള്ളറ്റ് ഗ്യാങ്. പിള്ളേർ എല്ലാവരും റോയൽ എൻഫീൽഡ് ബുള്ളറ്റിൽ മാത്രമേ സഞ്ചരിച്ചിരുന്നുളൂ. അതാണ് നാട്ടുകാർ അങ്ങനെ ഒരു പേരിടാൻ കാരണം. തന്റെ പതിനേഴാമത്തെയോ പതിനെട്ടാമത്തെയോ വയസ്സിലാണ് അയാൾ ആദ്യത്തെ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത്.

കുറ്റവാളികളെ പോറ്റിവളർത്തുന്ന രാഷ്ട്രീയക്കാർ സൃഷ്‌ടിച്ച ഭസ്മാസുരനോ വികാസ് ദുബൈ? അറിയാം ആ ക്രിമിനൽ ചരിത്രം

ഒരു വിവാഹ ബാരാത് അതായത് വരന്റെ പാർട്ടിയെ വഴിയിൽ ഇരുട്ടിന്റെ മറവിൽ വെച്ച് ബുള്ളറ്റ് ഗാങ് കൊള്ളയടിച്ചു. അപാരമായ പ്ലാനിങ് ആയിരുന്നു. രാത്രി ആ പാർട്ടിയുടെ ബസ്   കടന്നു പോകുന്ന വഴിയിൽ കുറുകെ കല്ലുകൾ വാരിയിട്ടു തടഞ്ഞായിരുന്നു കൊള്ള. ഇരുട്ടിൽ പൊന്തക്കാട്ടിൽ ചെടികളിലും മറ്റും പത്തിരുപത് സിഗരറ്റുകൾ കൊളുത്തി വെച്ചിരുന്നു അയാൾ. വിവാഹപ്പാർട്ടിയിൽ കൊള്ളസംഘത്തിന്റെ നാലിരട്ടി ആളുണ്ടായിരുന്നു എങ്കിലും, ഈ സിഗരറ്റിന്റെ കനലുകൾ ഇരുട്ടിൽ അവിടവിടെ കണ്ടപ്പോൾ അവർ കൊള്ളക്കാർ ഏറെപ്പേരുണ്ട് എന്ന് കരുതി കയ്യിലുണ്ടായിരുന്ന പൊന്നും പണവുമെല്ലാം ഊരി നൽകി.

വികാസ് ദുബെയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കയറ്റുന്നത് മുൻ കോൺഗ്രസ് എംഎൽഎ നേക് ചന്ദ് പാണ്ഡെ ആയിരുന്നു. നാട്ടിൽ അത്യാവശ്യം ഗുണ്ടായിസം കാണിക്കുക. പിരിവ് നടത്തുക. തല്ലുണ്ടാക്കുക.ആളുകളെ ഭീഷണിപ്പെടുത്തുക. ഒടുവിൽ, പരാതി ചെല്ലുമ്പോൾ ആളെ പോലീസ് അറസ്റ്റു ചെയുക. കേസിൽ നിന്ന് ഊരിപ്പോരുക. ഇത് സ്ഥിരം പരിപാടി ആയി മാറിയിരുന്നു. പിന്നീട് ദുബെ രാഷ്ട്രീയത്തിൽ മുന്നോട്ട് പോയത് ചൗബേപ്പൂർ എംഎൽഎ സ്ഥാനാർഥിയും മുൻ നിയമസഭാ സ്‌പീക്കറുമായ ഹരി കിഷൻ ശ്രീവാസ്തവയുടെ തണലിലാണ്  ശ്രീവാസ്തവയുടെ പിന്തുണയോടെ  ദുബെ തന്റെ ഭീഷണി, എക്സ്റ്റർഷൻ, ഭൂമി കയ്യേറ്റം എന്നീ ബിസിനസുകൾ പുഷ്ടിപ്പെടുത്തി.

1990 -ലാണ്  ബിക്രൂ ഗ്രാമത്തിലെ ചുന്നാ ബാബയുടെ കൊല നടക്കുന്നത്. അതിനു പിന്നിൽ വികാസ് ദുബെ ആയിരുന്നു എന്ന് പരക്കെ സംസാരമുണ്ടായി. അയാളുടെ പേരിൽ ഉണ്ടായിരുന്ന മൂന്നേക്കർ സ്ഥലം തട്ടിയെടുക്കാനായിരുന്നു ആ കൊല. 2000 -ൽ താരചന്ദ് ഇന്റർ കോളേജ് അസിസ്റ്റന്റ് മാനേജർ ആയിരുന്ന സിദ്ധേശ്വർ പാണ്ഡെയെയും, അതെ വർഷം തന്നെ പ്രദേശവാസിയായ റാം ബാബു യാദവിനെയും വികാസ് ദുബെ വധിച്ചു.

ആദ്യത്തെ ഹൈ പ്രൊഫൈൽ മർഡർ

ശിവ്‌ലിയിൽ തന്റെ കോട്ടയുറപ്പിച്ച് തന്റെ ലോക്കൽ വസൂലി പരിപാടികളുമായി മുന്നോട്ടുപോയ വികാസ് ദുബെ ജീവിതത്തിലെ വഴിത്തിരിവ് 2001 -ലെ ബിജെപി നേതാവ് സന്തോഷ് ശുക്ലയുടെ കൊലപാതകം ആയിരുന്നു. വികാസ് ദുബെയുടെ സഹായത്തോടെ 1996 -ൽ ഹരി കിഷൻ ശ്രീവാസ്തവ ബിഎസ്പിയുടെ ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചു. എതിരാളി ബിജെപിയുടെ സന്തോഷ് ശുക്ല. ഫലം വന്നപ്പോൾ ശ്രീവാസ്തവ 1200 വോട്ടിന് ജയിച്ചു. വിജയാഘോഷങ്ങൾക്കിടയിൽ ശ്രീവാസ്തവയുടെ തെരഞ്ഞെടുപ്പ് കോർഡിനേറ്റർ ആയിരുന്ന ദുബെയും ശുക്ല പക്ഷത്തെ ലല്ലൻ വാജ്‌പേയിയുടെ സഹോദരനും തമ്മിൽ തർക്കം നടന്നു. തർക്കം മല്പിടുത്തതിൽ കലാശിച്ചു. ആളുകൾ ഇരുവരെയും പിടിച്ചുമാ റ്റി. അന്നുതുടങ്ങിയ ശത്രുതയായിരുന്നു.  സന്തോഷ് ശുക്ല യുമായി വികാസ് ദുബെക്ക് നേരിട്ട് വിശേഷിച്ച് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. തർക്കം ലല്ലൻ വാജ്പേയിയുമായിട്ടായിരുന്നു. ശുക്ല, പിന്നീട് കാൺപൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. ശിവ്‌ലി നഗർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോൾ ശുക്ല ലല്ലൻ വാജ്‌പേയിക്ക് ടിക്കറ്റ് കൊടുത്തു. വാജ്‌പേയ് പഞ്ചായത്ത് പ്രസിഡന്റായി. അധികാരം വാജ്‌പേയിക്ക് കിട്ടിയതോടെ ചൗബെയും വാജ്‌പേയിയും തമ്മിൽ ഇടയ്ക്കിടെ കൊരുക്കാൻ തുടങ്ങി. അവരുടെ ആളുകൾ തമ്മിലുള്ള പോരാട്ടങ്ങൾ പതിവായി. ഒടുവിൽ ഒരു ദിവസം തന്റെ ശത്രുവിനെ ഇല്ലാതാക്കാൻ തന്നെ ദുബെ ഉറപ്പിച്ചു. ഒരു വണ്ടി ആളെയും കൊണ്ട് തോക്കുകളുമേന്തി അയാൾ വാജ്‌പേയിയുടെ വീടിനു പുറത്തെത്തി. പ്രാണഭയം മൂത്ത് വാജ്‌പേയി ശുക്ലയെ വിളിച്ചപ്പോൾ അദ്ദേഹം നേരെ ശിവ്‌ലി പോലീസ് സ്റ്റേഷനിൽ സഹായം തേടിച്ചെന്നു. പോലീസ് വികാസ് ദുബെയെ ചർച്ചയ്ക്കായി സ്റ്റേഷനിൽ വിളിച്ചു. ചർച്ച തർക്കമായി, വഴക്കായി. ഒടുവിൽ പോലീസുകാർ നോക്കി നിൽക്കെ  അന്ന് സഹമന്ത്രിയായിരുന്ന സന്തോഷ് ശുക്ല എന്ന ബിജെപി നേതാവിനെ വെടിവെച്ചു കൊന്നുകളഞ്ഞു ദുബെ.

അന്ന് മായാവതി മുഖ്യമന്ത്രി. യൂപിയിൽ ബിഎസ്പി ഗവണ്മെന്റ് ഭരണത്തിൽ. ദുബെ ബിഎസ്പി നേതാവും. ദുബെയെ ഈ കൊലക്ക് ശേഷം ബിഎസ്പി പാർട്ടിയിൽ നിന്ന് പുറത്താക്കി എങ്കിലും അത് ആളുകളെ കാണിക്കാൻ വേണ്ടി എടുത്ത തീരുമാനമായിരുന്നു എന്നാണ് ദുബെ എന്നും ജനങ്ങളോട് പറഞ്ഞിരുന്നത്. അന്ന് ദുബെ പറഞ്ഞിരുന്നത് ഇങ്ങനെ," മുഖ്യമന്ത്രിക്ക് എന്നോട് ഒരു ദേഷ്യവുമില്ല. എന്നോട് പിണങ്ങാൻ മുഖ്യമന്ത്രിക്ക് പോലും കഴിയില്ല" എന്നായിരുന്നു.  ഒടുവിൽ 2002 -ൽ ദുബെ സ്വയം കോടതിയിലെ കീഴടങ്ങി. കീഴടങ്ങാൻ പോയ ദുബെയെ നിരവധി ബിഎസ്പി നേതാക്കളും അനുഗമിച്ചിരുന്നു. ഒടുവിൽ, കേസ് നടന്നപ്പോഴും അന്ന് സംഭവത്തിന് കൃകസാക്ഷിയായ ശിവ്ലി സ്റ്റേഷനിലെ ഒരൊറ്റക്കുട്ടി ദുബെക്കെതിരായി സാക്ഷി പറഞ്ഞില്ല. എന്തിന് ശുക്ലയുടെ ഗൺമാനും ഡ്രൈവറും വരെ സാക്ഷി പറയാൻ ധൈര്യപ്പെട്ടില്ല. എന്തായി..? ദുബെയെ കോടതി ആ കേസിൽ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.  2004 -ൽ ലോക്കൽ ബിസിനസ് മാൻ ആയ ദിനേശ് ദുബെയെയും, 2018 -ൽ സ്വന്തം കസിൻ സഹോദരൻ അനുരാഗിനെയും കൊന്ന കേസുകളിൽ വികാസ് പ്രതിയാണ്.

വോട്ട്ബാങ്ക് പൊളിറ്റിക്സിന്റെ ബലത്തിൽ തുടർന്ന കുറ്റകൃത്യങ്ങൾ

ഇന്ന് വികാസ് ദുബെ എന്ന നാല്പത്തേഴുകാരനു മേൽ ഉള്ളത് അറുപതു ക്രിമിനൽ കേസാണ്. 90 മുതൽ കൊലപാതകം ഉൾപ്പെടെയുള്ള അറുപതോളം കേസുകളിൽ പ്രതിയായിട്ടും, ഇന്നുവരെ ഒന്നിൽ പോലും ദുബെക്ക് ശിക്ഷവാങ്ങിക്കൊടുക്കാൻ യുപിയിൽ മാറിമാറി വന്ന സർക്കാരുകൾക്ക് ആയില്ല. സർക്കാർ മാറുമ്പോൾ ദുബെയുടെ കൂറും ഭരണപക്ഷത്തേക്ക് ചാഞ്ചാടും. ഭാര്യ ബിക്ക്രു  ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു എങ്കിലും, കാൺപൂർ ജില്ലയിൽ പോലും അവർ ഒരിക്കലും വന്നിരുന്നില്ല. ഭാര്യക്കുവേണ്ടി ബിക്ക്രു  ഗ്രാമം ദുബെ ഭരിച്ചു. ബിക്ക്രുവിന് ചുറ്റുമുള്ള 25 ഗ്രാമങ്ങളിലെങ്കിലും വികാസ് ദുബെയുടെ സ്വാധീനം അനിഷേധ്യമായിരുന്നു. പാർട്ടിക്കാരുടെ കണ്ണ് എന്നും ദുബെയുടെ ഈ വോട്ടുബാങ്കിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ഭരണം പലവട്ടം മാറിയിട്ടും ദുബെ സുരക്ഷിതനായിത്തന്നെ തുടർന്നു.

കഴിഞ്ഞ ദിവസം നടന്ന കൈവിട്ട കളി

എന്നാൽ, എട്ടുപോലീസുകാരുടെ ഹത്യക്ക് ശേഷം സ്ഥിതിഗതികൾ മാറിമറിഞ്ഞു. ആ കാളരാത്രിക്ക് ശേഷം ബിക്ക്രു  ഗ്രാമം ഒഴിഞ്ഞു കിടക്കുകയാണ്. വീടുകൾ മുകളും അടഞ്ഞു കിടക്കുന്നു. അവിടെ താമസമുണ്ടായിരുന്ന യുവാക്കളിൽ പലരും പോലീസിനെ ഭയന്ന് സ്ഥലം വിട്ടുകഴിഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ വികാസ് ദുബെയുടെ കുപ്രസിദ്ധി പ്രയോജനപ്പെടുത്തിക്കൊണ്ട് സ്വന്തം കാര്യങ്ങൾ നേടിയിരുന്നവരാണ് ഗ്രാമവാസികളിൽ പലരും.  ഇതിനു മുമ്പും പലവട്ടം ദുബെയെ അറസ്റ്റുചെയ്യാൻ കണക്കാക്കി പോലീസുകാർ ബിക്ക്രു  ഗ്രാമത്തിലെത്തിയിട്ടുണ്ട്. എന്നാൽ ഗ്രാമവാസികളുടെ എതിർപ്പ് കാരണം ഇന്നുവരെ അവർക്കതിനു സാധിച്ചിരുന്നില്ല. ഗ്രാമത്തിന്റെ ഒത്തനടുക്ക് കോട്ടപോലെ വികാസ് ദുബെ കെട്ടിപ്പൊക്കിയിരുന്ന വീട് കാൺപൂർ നഗരസഭാ അധികൃതർ കഴിഞ്ഞ ദിവസം ജെസിബി കൊണ്ട് ഇടിച്ചു നിരത്തി. ദുബെയുടെ ആഡംബര കാറുകളും അവർ അതെ ജെസിബികൊണ്ട് പൊളിച്ചടുക്കി. ഇത്രയൊക്കെ ചെയ്തിട്ടും ഗ്രാമീണരിൽ ഒരാൾ പോലും എതിർത്തൊരു വാക്കുപോലും മിണ്ടാൻ മുന്നോട്ടുവന്നില്ല. തങ്ങളുടെ പണ്ഡിറ്റ്ജി കഴിഞ്ഞ ദിവസം കളിച്ചത് അയാളുടെ ഒടുക്കത്തെ കളിയാണ് എന്ന ബോധ്യം അവർക്കും വന്നുകാണണം.

പൊലീസിലെ ദുബൈയുടെ ഒറ്റുകാർ

സാധാരണ ഗതിക്ക് കുറ്റവാളികൾക്കിടയിലെ ഇൻഫോർമർമാരിൽ നിന്ന് രഹസ്യവിവരങ്ങൾ പോലീസിലേക്കാണ് എത്താറുള്ളത്. ദുബെയുടെ കാര്യത്തിൽ ഇത് തിരിച്ചായിരുന്നു. ചൗബേപ്പൂർ എസ്എച്ച്ഓ വിനയ് തിവാരി അടക്കം ചുരുങ്ങിയത് നാലുപേരാണ് ദുബെയുടെ പടി പറ്റിക്കൊണ്ട് പോലീസ് യൂണിഫോമിട്ടു ജോലി ചെയ്തിരുന്നത്. അവരിൽ ആരാണ് അറസ്റ്റിനായി പോലീസ്പാർട്ടി വരുന്ന വിവരം ദുബെക്ക് എത്തിച്ചു നൽകിയത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്തായാലും ഇതുവരെ നാലു പോലീസുകാർ സസ്പെൻഷനിലായിട്ടുണ്ട്. ഫോൺ റെക്കോർഡുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. പോലീസ് ജീവനോടെ പിടിച്ച ദയശങ്കർ എന്ന ദുബെയുടെ സംഘാംഗം പറയുന്നത് ദുബെ നേരിട്ട് തോക്കെടുത്ത് പോലീസിനെ വെടിവെക്കാൻ മുന്നിലുണ്ടായിരുന്നു എന്നാണ്.

വീട് ഇടിച്ചു നിരത്തിയ ശേഷം പോലീസ് നടത്തിയ തെരച്ചിലിൽ വീടിന്റെ നിലവറയിൽ സൂക്ഷിച്ചിരുന്ന മാരകായുധങ്ങളും വലിയ അളവിലുള്ള സ്‌ഫോടകവസ്‌തു ശേഖരവും കണ്ടെടുത്തിരുന്നു. പോലീസുമായുണ്ടായ പോരാട്ടത്തിൽ അക്രമികൾ ചുരുങ്ങിയത് 300 റൗണ്ടെങ്കിലും വെടിവെച്ചിട്ടുണ്ടെന്ന് പരിസരത്തു നിന്ന് കിട്ടിയ ഒഴിഞ്ഞ ഷെല്ലുകൾ സാക്ഷ്യപ്പെടുത്തുന്നു. ഈ സംഘത്തെ നയിച്ച ദേവേന്ദ്ര സിംഗ് എന്ന സിഒയോട് വികാസിനു മുൻവൈരാഗ്യമുണ്ടായിരുന്നു. തന്റെ കീഴുദ്യോഗസ്ഥരിൽ പലരും വികാസ് ദുബെയുടെ വിശ്വസ്തനാണ് എന്നും അവർ ദുബെയുടെ ക്രിമിനൽ നെക്സസിന്റെ ഭാഗമാണ് എന്നും കാണിച്ചു കൊണ്ട് ദേവേന്ദ്ര സിംഗ് മുമ്പും മേലധികാരികൾക്ക് മുന്നിൽ പരാതിപ്പെട്ടിരുന്നു എങ്കിലും, അന്നൊന്നും ഒരു നടപടിയും എടുക്കാൻ എസ്എസ്പിയോ ഐജിയോ തയ്യാറായില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ, ഇന്ന് ഒരു പക്ഷേ എട്ടു വിലപ്പെട്ട പോലീസുകാരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.

വെടിവെപ്പിന് ശേഷം തന്റെ സംഘത്തോടൊപ്പം ബുള്ളറ്റിൽ കേറി ഇരുട്ടിലേക്ക് ഓടിച്ചുപോയി വികാസ് ദുബെയെ പിടികൂടാൻ ഇതുവരെ കാൺപൂർ പൊലീസിന് സാധിച്ചിട്ടില്ല. 25 സംഘങ്ങളുണ്ടാക്കി, കാൺപൂരും അയൽജില്ലകളും അടച്ച് കർശനമായ പരിശോധനകൾ നടത്തുകയാണ് അവർ. ദുബൈയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് കാൺപൂർ പോലീസ് പ്രഖ്യാപിച്ച അമ്പതിനായിരം രൂപയുടെ ഇനാം ഇപ്പോൾ കൂടിക്കൂടി രണ്ടര ലക്ഷം രൂപയിൽ എത്തിയിട്ടുണ്ട്.  
 

 

വികാസ് ദുബെ പോലീസുകാർക്കുമേൽ ആക്രമണം നടത്തി കടന്നുകളഞ്ഞ ശേഷം അയാളുടെ ബംഗ്ലാവ് കാൺപൂർ ജില്ലാ ഭരണകൂടം ഇടിച്ചു നിരത്തിയിരുന്നു. നാട്ടിലെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ്  ദുബെ തന്റെ ബംഗ്ലാവ് പണിഞ്ഞത് എന്ന ആക്ഷേപം വർഷങ്ങളായി നില നിന്നിരുന്നു എങ്കിലും ഇന്നുരാവിലെയാണ് അതിന്മേൽ കർശന നടപടിയുമായി കാൺപൂർ നഗരസഭാ അധികൃതർ മുന്നോട്ടു പോയത്. കെട്ടിടം ഇടിച്ചു നിരത്തുന്നതിനിടെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ദുബെയുടെ നിരവധി കാറുകൾക്കും ചുവരുകൾ ഇടിഞ്ഞു വീണ് നാശം സംഭവിച്ചിരുന്നു.

വ്യാഴാഴ്ച പാതിരയോടെ നടന്ന എൻകൗണ്ടറിൽ നടന്ന കൂട്ടക്കൊലക്ക് ശേഷം ഒളിവിൽ പോയതാണ് ദുബെ. അതിനിടെ ഉത്തർപ്രദേശ് പൊലീസ്, തങ്ങളുടെ രഹസ്യ റെയ്ഡിനെപ്പറ്റി ദുബെക്ക് വിവരം ചോർത്തി നൽകി എന്ന സംശയത്തിന്മേൽ ചൗബേപ്പൂർ പൊലീസ് സ്റ്റേഷൻ SHO ആയ വിനയ് തിവാരിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പൊലീസ് സംഘം വരുന്ന വിവരമറിഞ്ഞ് ജീപ്പുകൾ വരുന്ന വഴിയിൽ, വീടെത്തുന്നതിന് മീറ്ററുകൾ മുമ്പായി ഒരു ജെസിബി കുറുകെ ഇട്ട് തടഞ്ഞിരിക്കുകയായിരുന്നു. ആ ജെസിബിക്ക് താഴെക്കൂടി നൂണ്ട് അപ്പുറം ചെന്ന്  വീടിന്റെ ഗേറ്റിനെ സമീപിച്ച പൊലീസുകാർക്കുനേരെ മട്ടുപ്പാവിൽ യന്ത്രത്തോക്കുകളുമായി കാത്തിരുന്ന ദുബെയുടെ ഷാർപ്പ് ഷൂട്ടർമാർ നിറയൊഴിക്കുകയായിരുന്നു.

ആദ്യം മൂന്നോ നാലോ പൊലീസുകാർക്ക് മാത്രമാണ് വെടിയേറ്റത്. ബാക്കിയുള്ളവർ ദുബൈയുടെ വീടിനടുത്തുള്ള വീടുകളുടെ പുറത്തുള്ള ടോയ്‌ലറ്റുകളിലും മറ്റും ചെന്ന് ഒളിച്ചിരുന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കി എങ്കിലും, അപ്പോഴേക്കും മട്ടുപ്പാവിൽ നിന്ന് താഴെയിറങ്ങി വന്ന ദുബൈയുടെ അനുചരർ ഇവരെ ഒളിച്ചിരുന്നിടങ്ങളിൽ നിന്ന് വിളിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു. അതിനു ശേഷം ബംഗ്ലാവിൽ നിന്നിറങ്ങി വന്ന ദുബെ തന്റെ ബുള്ളറ്റിൽ കയറി അപ്രത്യക്ഷമാവുകയും ചെയ്തു. അതിനു ശേഷം കൂടുതൽ സന്നാഹവുമായി എത്തിയ പൊലീസ് സംഘം വീട്ടിൽ അവശേഷിച്ചിരുന്ന ദുബെയുടെ രണ്ടു ബന്ധുക്കളെ എൻകൗണ്ടറിലൂടെ കൊന്നു എങ്കിലും ദുബെ അപ്പോഴേക്കും സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. 

ദുബെകുവേണ്ടിയുള്ള അന്വേഷണത്തിനിടെ അയാളുടെ വലംകൈയായി അറിയപ്പെടുന്ന അമര്‍ ദുബെയെ ഹാമിര്‍പുരില്‍വെച്ച് ബുധനാഴ്ച രാവിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് എൻകൗണ്ടറിൽ കൊലപ്പെടുത്തിയിരുന്നു. എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഘത്തില്‍ അമര്‍ ദുബെയും ഉണ്ടായിരുന്നെന്ന് അന്ന് ഡിജിപി പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഏറ്റുമുട്ടൽ നടന്നു പൊലീസുകാർ കൊല്ലപ്പെട്ടിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും ദുബെയെ പിടികൂടാനാവാതിരുന സാഹചര്യത്തിൽ പൊലീസ് അധികാരികൾ ദുബെയെ പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ച് ലക്ഷമായി ഉയര്‍ത്തിയിരുന്നു. അന്വേഷണം ത്വരിത ഗതിയിൽ പുരോഗമിക്കുന്നതിനിടെ ഹരിയാനയിലെ ഫരീദാബാദിലെ ഒരു ലോഡ്ജിൽ ദുബെ ഉണ്ടെന്ന വിവരം കിട്ടി പൊലീസ് അവിടെ ചെന്നപ്പോഴേക്കും ദുബെ തലനാരിഴക്ക് രക്ഷപ്പെട്ടു പോയിരുന്നു.

ഒടുവിൽ ഇന്ന് രാവിലെയാണ് ദുബെ കാൺപൂർ പരിസരത്തുവെച്ച് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവരുന്നത്.  പിടിയിലായി എന്ന വിവരം പുറത്തു വന്നിരിക്കുന്നത്.ദുബെ കേസിൽ ഇന്നോളം പൊലീസ് പിടിച്ച പ്രതികളൊക്കെയും സമാനമായ സാഹചര്യങ്ങളിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വധിക്കപ്പെടുകയാണുണ്ടായത്. ഇന്ന് പുലർച്ചെയുണ്ടായ ദുബെയുടെ എൻകൗണ്ടർ കൊലപാതകവും ഉത്തർപ്രദേശിലെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഒന്നാണ്.