വിശദമായ വാദം കേള്‍ക്കുമെന്ന് നേരത്തെ അറിയിച്ച സാഹചര്യത്തില്‍ ഹാജാരാകാനുള്ള മര്യാദ സോളിസിറ്റര്‍ കാണിക്കണമായിരുന്നുവെന്ന് കോടതി വിമര്‍ശിച്ചു

ദില്ലി: ഇ.ഡി ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കിയതിനെതിരായ ഹര്‍ജിയില്‍ ഹാജരാകാത്തതിന് സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുമെന്ന് നേരത്തെ അറിയിച്ച സാഹചര്യത്തില്‍ ഹാജാരാകാനുള്ള മര്യാദ സോളിസിറ്റര്‍ കാണിക്കണമായിരുന്നുവെന്ന് കോടതി വിമര്‍ശിച്ചു. കേസ് ഇത്തരത്തില്‍ മാറ്റിവയ്പ്പിക്കുന്നതിനെ നേരത്തെയും കോടതി എതിര്‍ത്തതാണെന്നും ജസ്റ്റിസ് ബി.ആര്‍ ഗവായ് ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലാണ് സോളിസിറ്റര്‍ ജനറൽ ഹാജരാകാതിരുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി.