എസ്ഐആർ വിഷയത്തിൽ ടിവികെ അധ്യക്ഷൻ വിജയ് സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നിലപാടുകൾക്കെതിരെ ഇന്ത്യ സഖ്യത്തിൽ വിമർശനം ശക്തമാകുന്നു. രാഹുൽ ഗാന്ധിയുടെ തോളിൽ കയ്യിടുകയും, നരേന്ദ്ര മോദിയെ പിണക്കാതെ ചേർത്തുപിടിക്കുകയും ചെയ്യുന്ന ട്രപ്പീസ് കളിയാണ് ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് നടത്തുന്നതെന്നാണ് വിമർശനം.
ചെന്നൈ: എസ്ഐആറിനെതിരായ ടിവികെ നിലപാടുകളിൽ വൈരുധ്യം എന്ന വിമർശനം ശക്തമാകുന്നു. എസ്ഐആറിനെ എതിർക്കുന്നുവെന്ന് പറയുകയും, പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് ഇന്ത്യ സഖ്യ പാർട്ടികൾ വിമർശിക്കുന്നു. വിഷയത്തിൽ വിജയ് പരസ്യ പ്രസ്താവനകൾക്ക് മടിക്കുന്നതും ആശയക്കുഴപ്പം വർധിപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ തോളിൽ കയ്യിടുകയും, നരേന്ദ്ര മോദിയെ പിണക്കാതെ ചേർത്തുപിടിക്കുകയും ചെയ്യുന്ന ട്രപ്പീസ് കളിയാണ് ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് നടത്തുന്നതെന്നാണ് വിമർശനം.
കോൺഗ്രസിന്‍റെ സമ്മർദ്ദത്തിനൊടുവിൽ തമിഴ്നാട്ടിലെ ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുത്ത ടിവികെ, ഗ്യാനേഷ് കുമാറിന്ർറെ രാജി ആവശ്യപ്പെട്ട് ഈ മാസം 15ന് നടന്ന പ്രതിഷേധത്തിലേക്ക് വിദ്യാഭ്യാസ മന്ത്രി രാജ്മോഹനെ അയച്ചിരുന്നു. എന്നാൽ ടിവികെ പ്രവർത്തകരുടെ എണ്ണം വിരലിലൊതുങ്ങി. വോട്ടർ പട്ടിക ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചെന്നൈയിൽ വിളിച്ച യോഗം ഇന്ത്യ സഖ്യ പാർട്ടികൾക്കൊപ്പം ടിവികെയും ബഹിഷ്കരിച്ചു. എന്നാൽ രാഹുൽ വിജയ് കൂടിക്കാഴ്ചയ്ക്ക് ശേഷവും ദില്ലിയിലെ പ്രതിഷേധങ്ങളിൽ നിന്ന് അകന്നുനിൽക്കുകയാണ് ടിവികെ.
വിവിധ വിദ്യാർത്ഥി സംഘടനകൾ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയപ്പോഴെല്ലാം ദില്ലി പൊലീസിന്ർറെ മാതൃകയിൽ തമിഴ്നാട് പൊലീസ് പെരുമാറിയെന്നും ഇന്ത്യ സഖ്യ പാർട്ടികൾ വിമർശിക്കുന്നു. എസ്ഐആർ നടപടികൾ തുടങ്ങിയതിന് ശേഷം വോട്ടുചോരി ആരോപണം ഉയർന്ന സംസ്ഥാനങ്ങളിലെ എല്ലാം നിയമസഭ പിരിച്ചുവിടണമെന്നാണ് ഇന്ത്യ സഖ്യത്തിന്ർറെ ആവശ്യം. എന്നാൽ തമിഴ്നാടിനെ കൂടി ബാധിക്കുന്ന ഈ നിലപാട് കോൺഗ്രസ് പ്രഖ്യാപിച്ചത് കൂടിയാലോചനകൾ ഇല്ലാതെയാണെന്നും, വിജയ് സർക്കാരും പുറത്തുപോകേണ്ടിവരില്ലേ എന്നുമാണ് ടിവികെ നേതാക്കൾ ചോദിക്കുന്നത്.







