ഗാന്ധിനഗര്‍: ക്ഷേത്രത്തില്‍ മുതല കയറിയത് അത്ഭുതമാണെന്ന് ഭക്തര്‍. ഇതോടെ ഭക്തര്‍ പൂജയും മറ്റും തുടങ്ങിയതിനാല്‍ മുതലയെ രക്ഷിക്കുന്നത് വൈകി. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ പല്ല എന്ന ഗ്രാമത്തിലെ കോടിയാര്‍ മാ ക്ഷേത്രത്തിലാണ് സംഭവം. ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തിന്‍റെ കുലദൈവമായി കാണുന്ന ദേവിയാണ് കോടിയാര്‍ മാ. പുരാണത്തില്‍ മുതലയുടെ പുറത്ത് യാത്ര ചെയ്യുന്ന ദേവിയാണ് കോടിയാര്‍ മാ.

അതിനാല്‍ ക്ഷേത്രത്തിന് അകത്ത് മുതല കയറിയത് വലിയ അത്ഭുതം നടന്നുവെന്ന് പറഞ്ഞ് ക്ഷേത്ര പരിസരത്ത് ഭക്തര്‍ തടിച്ചുകൂടി. ഇതിനെ തുടര്‍ന്ന് ഭജനയും പൂജയും ആരംഭിച്ച നാട്ടുകാര്‍ മുതലയെ ക്ഷേത്രത്തില്‍ നിന്നും പുറത്ത് എത്തിക്കാനുള്ള വനം വകുപ്പിന്‍റെ ദൗത്യം വൈകിപ്പിച്ചെന്നാണ് മഹിസാഗര്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആര്‍എം പാര്‍മര്‍ പറയുന്നത്. രണ്ട് മണിക്കൂര്‍ തങ്ങളുടെ പ്രവര്‍ത്തനം വൈകിയെന്നാണ് ഇദ്ദേഹം പറയുന്നത് എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ തന്നെ വനംവകുപ്പിന്‍റെ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. മതപരമായ വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ രണ്ട് മണിക്കൂര്‍ കാത്തുനിന്നു. പിന്നീട് ഞങ്ങള്‍ക്ക് മുതലയെ അടുത്തുള്ള തടാകത്തിലേക്ക് മാറ്റാന്‍ സാധിച്ചു. ആര്‍എം പാര്‍മര്‍  പറയുന്നു. 

ഈ പ്രദേശത്തെ ജലാശയങ്ങളില്‍ മുതലകള്‍ സാധാരണമാണ് എന്നാണ് വനംവകുപ്പ് പറയുന്നത്. വലിയ മുതലകള്‍ തന്നെ ഈ പ്രദേശത്ത് കാണാറുണ്ട്. ഇവ സാധാരണമായി 4-5 കിലോമീറ്റര്‍ ഭക്ഷണത്തിനായി സഞ്ചരിക്കും എന്നും വനംവകുപ്പ് പറയുന്നു. അത്തരത്തില്‍ ക്ഷേത്ര പരിസരത്ത് എത്തിപ്പെട്ടതാകാം ഈ മുതല. നാല് വയസുള്ള മുതലയാണ് ക്ഷേത്രത്തില്‍ കയറിയത്. രാത്രിയില്‍ കയറിയ മുതല ഇവിടെ വിശ്രമിച്ചതാകാം. ഇത്തരത്തില്‍ മനുഷ്യവാസ സ്ഥലങ്ങളില്‍ നിന്നും വര്‍ഷവും 30-40 മുതലകളെ ശരാശരി രക്ഷിക്കാറുണ്ടെന്നും വനം വകുപ്പ് പറയുന്നു.  ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം പൂര്‍ണ്ണ സംരക്ഷണം നല്‍കേണ്ട ഷെഡ്യൂള്‍ ഒന്നില്‍ പെടുന്ന ജീവിയാണ് മുതല.