ബെലഗാവി: മാസ്ക് ധരിക്കുന്നതിനേച്ചൊല്ലിയുള്ള വാക്കേറ്റത്തിന് പിന്നാലെ സിആര്‍പിഎഫ് ജവാനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത് കെട്ടിയിട്ടതായി ആരോപണം. കൈകാലുകളില്‍ ചങ്ങല ബന്ധിച്ച നിലയില്‍ സിആര്‍പിഎഫ് കമാന്‍ഡോയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ യക്സംബ എന്ന സ്ഥലത്താണ് സംഭവം. 

വീടിന് പുറത്ത് ബൈക്ക് കഴുകുകയായിരുന്ന സിആര്‍പിഎഫ് ജവാനായ സച്ചിന്‍ സുനില്‍ സാവന്തിനെ ഏപ്രില്‍ 23നാണ് അറസ്റ്റ് ചെയ്തത്. മാസ്ക് ധരിക്കാതെ വീടിന് പുറത്തിറങ്ങിയത് കൊറോണ വൈറസിന്‍റെ വ്യാപനത്തിന് ഇടയാക്കുമെന്ന് വിശദമാക്കിയ ശേഷം സച്ചിനെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഇയാളുടെ വസ്ത്രങ്ങളും വലിച്ച് കീറി. ഇതിന് ശേഷം കൈവിലങ്ങ് അണിയിച്ച് പരസ്യമായി നടത്തിക്കൊണ്ടുപോയി ലോക്കപ്പിലിടുകയായിരുന്നുവെന്നാണ് ആരോപണം. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ ജവാനെതിരായ നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിആർപിഎഫ് കർണാടക ഡിജിപിക്ക് കത്തയച്ചു

എന്നാല്‍ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചതിനാണ് സിആര്‍പിഎഫ് ജവാനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വ്യക്തമാക്കുന്നത്. സ്റ്റേഷനിൽ അതിക്രമം തുടർന്ന ജവാനെ ലോക്കപ്പിൽ കെട്ടിയിട്ടുവെന്നും കര്‍ണാടക പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് ബെലഗാവി പൊലീസ് സൂപ്രണ്ട് പറയുന്നത് ഇങ്ങനെയാണ്.  വീടിന് മുന്നിലുളള റോഡിൽ അഞ്ച് പേർക്കൊപ്പം കൂട്ടം കൂടി നിൽക്കുകയായിരുന്നു സിആർപിഎഫ് ജവാൻ. പൊലീസ് എത്തിയപ്പോൾ ജവാനൊഴികെയുളളവർ  ഓടി. മാസ്ക് ധരിക്കാത്തത് എന്തെന്ന് സച്ചിൻ സാവന്തിനോട് പൊലീസുകാർ ചോദിച്ചു. വീടിന് മുന്നിൽ അതിന്‍റെ ആവശ്യമില്ലെന്നും ജവാനായ തന്നെ നിയമം പഠിപ്പിക്കേണ്ടെന്നും സാവന്തിന്‍റെ മറുപടി. ഇത് വാക്കുതർക്കത്തിലും പിന്നെ അടിപിടിയിലുമെത്തി.

ഒരു പൊലീസുകാരന്‍റെ വയറ്റിൽ ജവാൻ ചവിട്ടി. തുടർന്നാണ് ലാത്തികൊണ്ട് അടിച്ചതെന്ന് ബെലഗാവി എസ്പി ലക്ഷ്മൺ ലിംബർഗി വിശദമാക്കുന്നത്. അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴും അതിക്രമം തുടർന്നതോടെയാണ് ജവാനെ കെട്ടിയിട്ടത്. ഇതിന്‍റെ ചിത്രങ്ങൾ  വ്യാപകമായി പ്രചരിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജവാനെതിരായ നടപടി നിർഭാഗ്യകരമെന്ന് കർണാടകമന്ത്രി സി ടി രവി പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിആർപിഎഫ് എഡിജിയാണ് കർണാടക ഡിജിപിക്ക് കത്തയച്ചത്.