ദില്ലി: രാജ്യത്തെ ഏറ്റവും വലിയ അർധസൈനിക വിഭാഗമായ സിആർപിഎഫ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നു. ജവാന്മാർക്കും ആരോഗ്യപ്രവർത്തകർക്കുമായി പ്രതിരോധ സുരക്ഷാസമഗ്രികളുടെ നി‍ർമ്മാണത്തിന്‍റെ തിരക്കിലാണ് സിആർ‍പിഎഫിന്റെ ദില്ലിയിലെ നോർത്ത് സെക്ടർ ക്യാമ്പ്. 
 
ദിവസേന ആയിരത്തിലധികം മാസ്കുകളും ആരോഗ്യപ്രവർത്തകർക്കായി സുരക്ഷാകിറ്റുകളും സിആര്‍പിഎഫ് നിര്‍മ്മിക്കുന്നുണ്ട്. സൈന്യത്തിന്‍റെ സേവനം സാധാരണക്കാർക്കും ലഭിക്കും. ആവശ്യക്കാർക്ക് പ്രതിരോധസമഗ്രികൾ എത്തിക്കാനാണ് തീരുമാനമെന്ന് സിആർപിഎഫ്  ഐജി രാജു ഭാർഗ്ഗവാ ഐപിഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
ജവാന്മാർക്കും പൊതുജനങ്ങൾക്കുമായി രണ്ട് സാനിറ്റെസർ ടണലുകൾ സിആര്‍പിഎഫ് സജ്ജീകരിക്കുന്നുണ്ട്. പ്രതിരോധസമഗ്രികളുടെ ക്ഷാമം മറികടക്കാനായി മാസ്ക് നിർമ്മാണ യൂണിറ്റും, വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുടെ നിർമ്മാണവും ഇവിടെ പുരോഗമിക്കുകയാണ്. 
 
ആദ്യഘട്ടമായി സിആ‌ർപിഎഫിന്റെ ക്യാന്പുകളിലാണ് സുരക്ഷാസമഗ്രികളുടെ  വിതരണം. തുടർന്ന് ആശുപത്രികൾക്കും സന്നദ്ധസംഘടനകൾക്കും സാധനങ്ങൾ എത്തിക്കും.  നിലവിൽ ഇരുപതോളം വരുന്ന ജവാന്മാരാണ് സമഗ്രികളുടെ നിർ‍മ്മാണത്തിൽ പങ്കെടുക്കുന്നത്.