Asianet News MalayalamAsianet News Malayalam

ജനങ്ങളുടെ പ്രശ്നങ്ങളുടെ നടുവിലേക്ക് രാഹുല്‍ ​ഗാന്ധി; ജോഡോ യാത്രയ്ക്ക് മുമ്പായി നിര്‍ണായക സംവാദം ഇന്ന്

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ നിലപാട് ആരായും. ജോഡോ യാത്രയുടെ അജണ്ടയിലുള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ചും അഭിപ്രായം തേടും. അടുത്ത മാസം ഏഴിനാണ് കന്യാകുമാരി ഭാരത് ജോഡോ യാത്രക്ക് തുടക്കമാകുന്നത്.

Crucial debate ahead of Jodo Yatra today by rahul gandhi
Author
Delhi, First Published Aug 22, 2022, 1:31 AM IST

ദില്ലി: ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധി ഇന്ന് പൗരസമൂഹവുമായി സംവദിക്കും. ദില്ലി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് പരിപാടി. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ നിലപാട് ആരായും. ഭാരത് ജോഡോ യാത്രയുടെ അജണ്ടയിലുള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ചും പൊതുജനങ്ങളുടെ അഭിപ്രായം തേടും. അടുത്ത മാസം ഏഴിനാണ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള  ഭാരത് ജോഡോ യാത്രക്ക് തുടക്കമാകുന്നത്.

കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ വന്‍ സ്വീകരണം തന്നെ നല്‍കാനാണ് തീരുമാനം. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് പര്യടനം. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമായി 453 കി.മീറ്ററാണ് ഭാരത് യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍  പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19,20 തീയതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.

28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന്   കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും.മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എഐസിസി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 148 ദിവസങ്ങളായി 3571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. ജോഡോ യാത്ര കടന്ന് പോകുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 അംഗങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും.

ഭാരത് ജോഡോ യാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളില്‍ നിന്നും പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ 100 അംഗങ്ങളെയും ഉള്‍പ്പെടുത്തും. ജോഡോയാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോയാത്ര കടന്നുപോകും.

Follow Us:
Download App:
  • android
  • ios