ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന്‍റെ വീട്ടില്‍ നിന്ന് ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന്‍റെ മാപ്പ് ലഭിച്ചതായി റിപ്പോര്‍ട്ട്. കരസേനയുടെ 15 കോപ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ മാപ്പാണ് ദേവീന്ദര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. 15 കോപ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ  മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെട്ടിട്ടുള്ള ഫുള്‍ ലൊക്കേഷന്‍ മാപ്പാണ് കണ്ടെത്തിയിരിക്കുന്നത്. 

കണക്കില്‍പ്പെടാത്ത 7.5 ലക്ഷം രൂപയും ദേവീന്ദര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. തെക്കന്‍ കശ്മീരിലെ വിവിധ മേഖലകളിലായി നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ദേവീന്ദര്‍ സിംഗിന്‍റെ അടുത്ത ബന്ധുക്കളുടെ വീടുകളിലും തിരച്ചില്‍ നടന്നിരുന്നു. ഭികരര്‍ക്കൊപ്പം അറസ്റ്റിലായതിന് പിന്നാലെ ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന് അടുത്തായി ദേവീന്ദര്‍ സിംഗ് വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. 2017 മുതലായിരുന്നു വീട് നിര്‍മ്മാണം ആരംഭിച്ചത്. 15 കോപ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ ഒരു മതില്‍ പങ്കുവക്കുന്ന രീതിയിലായിരുന്നു വീടിന്‍റെ നിര്‍മ്മാണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബന്ധുവിന്‍റെ വാടകവീട്ടിലായിരുന്നു. 

അതേസമയം ദേവീന്ദർ സിംഗിന് സമ്മാനിച്ച പൊലീസ് മെഡൽ പിൻവലിച്ചു. ഷേർ ഇ കശ്മീർ മെഡൽ പിൻവലിച്ച് കൊണ്ട് കശ്മീർ ലെഫ്‍ന്‍റ് ഗവർണർ ഉത്തരവ് പുറത്തിറക്കി. സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് പൊലീസ് മെഡൽ പിൻവലിച്ചിരിക്കുന്നത്. ഡിഎസ്പി റാങ്കിലുള്ള ദേവീന്ദർ സിംഗിന്റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികൾ മരവിപ്പിച്ചതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ചയാണ് ഹിസ്ബുള്‍ ഭീകരർക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രക്കിടെയാണ് ദേവീന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികൾ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീവ്രവാദികളെ ദില്ലിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലിൽ ദേവീന്ദർ സിംഗ് സമ്മതിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദർ സിം​ഗ് ഭീകരരിൽ നിന്ന് പണം വാങ്ങിച്ചത്.

കശ്മീർ താഴ്വരയിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പശ്ചാത്തലമുള്ള പൊലീസുകാരനാണ് ദേവീന്ദർ സിങ്. കൊടിയ പീഡനങ്ങളുടെയും, നിർദ്ദയമുള്ള കൊലപാതകങ്ങളുടെയും, ബലാത്സംഗങ്ങളുടെയും പേരിൽ മനുഷ്യാവകാശ സംഘടനകൾ എന്നും സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുള്ള പൊലീസിന്റെ നുഴഞ്ഞുകയറ്റ വിരുദ്ധ വിഭാഗമാണ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്.