Asianet News MalayalamAsianet News Malayalam

ഇന്നലെ വനിതാ ഫോറസ്റ്റ് ഓഫീസർക്ക് മർദ്ദനം: ഇന്ന് അതേ ഇടത്ത് ആയിരക്കണക്കിന് തൈകൾ നട്ട് വനംവകുപ്പ്

''ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യാനാണ് ഞാനവിടെ എത്തിയത്. എനിക്ക് ലഭിച്ചത് ക്രൂരമർദ്ദനവും. ഇത് എവിടത്തെ നീതിയാണ്?'', പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സി അനിത മാധ്യമങ്ങളോട് സംസാരിച്ചത്. 

cruel attack against woman ifs officer yesterday today forest department in telengana planted thousands of saplings
Author
Telangana, First Published Jul 1, 2019, 7:00 PM IST

ആസിഫാബാദ്: തെലങ്കാനയിലെ ആസിഫാബാദിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഫോറസ്റ്റ് ഓഫീസറെ ടിആർഎസ് പ്രവർത്തകർ കൂട്ടത്തോടെ മർദ്ദിച്ചതിന് പിറ്റേന്ന് അതേ ഇടത്ത് ആയിരക്കണക്കിന് മരത്തൈകൾ നട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ. വനംവത്കരണത്തിനായി മരത്തൈകൾ നടാൻ ഇന്നലെ എത്തിയപ്പോഴാണ് സി അനിത എന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കൊനേരു കൃഷ്ണ എന്ന ടിആർഎസ് പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ തല്ലിയോടിച്ചത്. വലിയ മരക്കഷ്ണങ്ങൾ ഉപയോഗിച്ച് ടിആർഎസ് പ്രവർത്തകർ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. 

ടിആർഎസ് എംഎൽഎ കൊനേരു കൊനപ്പയുടെ സഹോദരൻ കൂടിയാണ് അക്രമത്തിന് നേതൃത്വം നൽകിയ കൊനേരു കൃഷ്ണ. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലുള്ള സരസാല ഗ്രാമത്തിലെ സിർപൂർ മണ്ഡലിൽ വനഭൂമിക്ക് സമീപത്തുള്ള പ്രദേശത്ത് ഒരു സംഘമാളുകൾ കയ്യേറി കൃഷിയും മറ്റ് നിർമാണപ്രവർത്തനങ്ങളും നടത്തി വരികയായിരുന്നു. എന്നാൽ സർക്കാർ ഈ ഭൂമി തിരികെപ്പിടിക്കുകയും, പ്രദേശത്ത് മരങ്ങൾ നട്ടു വളർത്തി വീണ്ടും വനഭൂമിയാക്കാൻ പദ്ധതി രൂപീകരിക്കുകയും ചെയ്തു. സമീപത്ത് ഒരു ഡാം പണിയുന്നതിനാൽ ഈ ഭൂമി വാസയോഗ്യമല്ലെന്നും വനംവകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

ഈ പദ്ധതിയുടെ ഭാഗമായാണ് സി അനിത ഇവിടെ മരം നടാനായി എത്തിയത്. ഭൂമി സർക്കാർ തിരികെ ഏറ്റെടുക്കുന്നതിനെതിരെ സ്ഥലത്ത് പ്രതിഷേധമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് 30 പൊലീസുദ്യോഗസ്ഥരും 30 ഫോറസ്റ്റ് ഗാർഡുമാരും സി അനിതയ്ക്ക് ഒപ്പമുണ്ടായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ അനിതയെ ടിആർഎസ് പ്രവർത്തകർ വലിയ വടികളെടുത്ത് മർദ്ദിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ അനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ കൊനേരു കൃഷ്ണ അടക്കം 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ആശുപത്രിയിൽ ചികിത്സയിലുള്ള അനിത ഇന്ന് മാധ്യമപ്രവർത്തകരെ കണ്ടിരുന്നു. ''ഐഎഫ്എസ് പോലുള്ള പദവിയിൽ ഞാനെത്തിയത് കഠിനമായി പരിശ്രമിച്ചിട്ടാണ്. സർക്കാർ സ്കൂളിലാണ് ഞാൻ പഠിച്ചത്. സമൂഹത്തിന് നല്ലത് ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അവിടെ വനവത്കരണത്തിനുള്ള പദ്ധതി നടപ്പാക്കാൻ ഞാനെത്തിയത്. എന്‍റെ യൂണിഫോമിനോട് എനിക്ക് ആദരവുണ്ട്. ഇതിന് പ്രതിഫലമായി എനിക്ക് ലഭിച്ചത് മർദ്ദനമാണ്'', അനിത പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. 

സംഭവം നടന്ന് പിറ്റേന്നാണ് അതേ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തിയത്. 400 ഓളം ഉദ്യോഗസ്ഥരെ അണിനിരത്തി കനത്ത സുരക്ഷയിൽ വനിതാ ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ട അതേ സ്ഥലത്ത് 200 ഹെക്ടറിൽ വനംവകുപ്പ് ആയിരക്കണക്കിന് തൈകൾ നട്ടു. ഇത് സംരക്ഷിക്കുമെന്നും വ്യക്തമാക്കി. 

 

Follow Us:
Download App:
  • android
  • ios