Asianet News MalayalamAsianet News Malayalam

ക്രിപ്റ്റോകറൻസിക്ക് വീണ്ടും സ്വാഗതം: നിരോധിച്ച ആർബിഐ നടപടി സുപ്രീംകോടതി റദ്ദാക്കി

ക്രിപ്റ്റോകറൻസി പൂർണമായി നിരോധിച്ച ആർബിഐ നടപടി ന്യായീകരണമില്ലാത്തതും, അനധികൃതവുമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇനി ബിറ്റ്‍കോയിൻ അടക്കമുള്ള ഇടപാടുകൾ രാജ്യത്ത് നടത്താം, നിയമതടസ്സമില്ല.

cryptocurrency again valid in india supreme court sets aside rbi ban
Author
New Delhi, First Published Mar 4, 2020, 12:37 PM IST

ദില്ലി: ക്രിപ്റ്റോകറൻസി നിരോധിച്ച ആർബിഐ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇതോടെ, ഇനി രാജ്യത്ത് വീണ്ടും ബിറ്റ് കോയിൻ അടക്കമുള്ള കറൻസികൾ കൈമാറ്റം ചെയ്യാനാകും. 

ക്രിപ്റ്റോകറൻസി പൂർണമായി നിരോധിച്ച ആർബിഐ നടപടി ന്യായീകരണമില്ലാത്തതും, അനധികൃതവുമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 

എന്നാൽ ഇതിന് മറുവാദവുമായി സുപ്രീംകോടതിയിൽ ആർബിഐ പറഞ്ഞത്, ക്രിപ്റ്റോ കറൻസികൾ പൂർണമായി നിരോധിച്ചിട്ടില്ലെന്നും, ആർബിഐ അംഗീകരിച്ച ധനകാര്യസ്ഥാപനങ്ങൾ ഇതുപയോഗിച്ചുള്ള കൈമാറ്റം നടത്തരുതെന്നാണ് ഉത്തരവിറക്കിയത് എന്നുമാണ്. ഒപ്പം, അദൃശ്യമായ ഈ ഇടപാടുകൾ നിയന്ത്രിക്കാൻ ഒരു ഏജൻസിയുമില്ലെന്നിരിക്കെ, തീവ്രവാദഗ്രൂപ്പുകളും, കള്ളപ്പണക്കാരും ഇത് ഉപയോഗിക്കുമെന്നും ആർബിഐ വാദിച്ചു. എന്നാലിത് തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരോധനം നീക്കിയത്. 

2018 ഏപ്രിലിലാണ് ക്രിപ്റ്റോകറൻസികൾ നിരോധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിറക്കിയത്. ബാങ്കുകളോ മറ്റ് ധനകാര്യസ്ഥാപനങ്ങളോ ബിറ്റ്‍കോയിനുകൾ പോലുള്ള കറൻസികൾ ഉപയോഗിക്കുകയോ സേവനങ്ങൾക്കോ പണത്തിന് പകരമോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ആർബിഐ നിർദേശിച്ചിരുന്നു. 

സ്വന്തമായി രൂപമില്ലാത്ത, പൂർണമായും ക്രിപ്റ്റോ രൂപത്തിൽ, ഡിജിറ്റൽ അഥവാ വിർച്വൽ കറൻസിയായി വിനിമയം ചെയ്യപ്പെടുന്ന ക്രിപ്റ്റോ കറൻസികൾ, രാജ്യത്തെ ധനസമ്പ്രദായത്തെത്തന്നെ അട്ടിമറിക്കുമെന്ന് ഭയന്നാണ് ഇത് നിരോധിക്കാൻ ആർബിഐ തീരുമാനിച്ചത്. 

ഇതോടെ വീണ്ടും ക്രിപ്റ്റോകറൻസിയുടെ മൂല്യം രാജ്യത്ത് ഉയരും. വൻമൂല്യവർധന രേഖപ്പെടുത്തിയ ക്രിപ്റ്റോകറൻസികൾ പിന്നീട്, പല ലോകരാജ്യങ്ങളും ഇതിനെ നിരോധിക്കാനോ, വിലക്കാനോ തുടങ്ങിയതോടെ മൂല്യത്തകർച്ച നേരിട്ടതാണ്. ബിറ്റ് കോയിൻ മാത്രമല്ല, എഥിറിയം, റിപ്പിൾസ് എക്സ്-ആർ-പി, ലൈറ്റ് കോയിൻ എന്നിവയും ക്രിപ്റ്റോ കറൻസികളിൽ പെടും.

എന്താണ് ക്രിപ്റ്റോ കറൻസി? 

11 വർഷം മുമ്പാണ് ക്രിപ്റ്റോ കറൻസിയെന്ന ആശയം തന്നെ ലോകത്തിന് മുന്നിൽ അവതരിക്കുന്നത്. സതോഷി നകോമോട്ടോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജാപ്പനീസ് പൗരനാണ് 2009-ൽ ബിറ്റ് കോയിൻ സൃഷ്ടിച്ചത്. ഇത് ഒരു വ്യക്തിയല്ല, ഒരു ഗ്രൂപ്പാണെന്നൊക്കെ അഭ്യൂഹങ്ങളുണ്ട്. ലോകത്ത് ആദ്യമായി അൽഗോരിതങ്ങളാൽ നിയന്ത്രിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുകയും, ഭൗതിക രൂപമില്ലാത്തതുമായ ക്രിപ്റ്റോ കറൻസിയുടെ സിദ്ധാന്തവും വിനിമയവും തീരുമാനിച്ചത് ഈ ഗ്രൂപ്പാണെന്നാണ് വാദം.

എങ്ങനെയാണ് ഇവ പ്രവർത്തിക്കുന്നത്? വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും മാത്രം അറിയുന്ന, നിഗൂഢമായ കോഡ് ഭാഷയിൽ വിർച്വൽ ലോകത്ത് മാത്രം സൃഷ്ടിക്കപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്ന യഥാർത്ഥമല്ലാത്ത നാണയമാണ് ക്രിപ്റ്റോ കറൻസി. 

ബിറ്റ്‍കോയിൻ, എഥിറിയം, റിപ്പിൾസ് എക്സ്-ആർ-പി, ലൈറ്റ് കോയിൻ എന്നിങ്ങനെയാണ് ഇതുവരെ ക്രിപ്റ്റോ കറൻസികൾ രൂപം കൊണ്ടിട്ടുള്ളത്. ഇവ ഒരു രാജ്യത്തിന്‍റെയോ, അന്താരാഷ്ട്ര ഏജൻസികളുടെയോ കേന്ദ്രബാങ്കിന്‍റേതോ അല്ല. അതിനാൽ ഒരു രാജ്യത്തെ സർക്കാരോ സ്ഥാപനങ്ങളോ ഇതിന് ഗ്യാരന്‍റി വാഗ്‍ദാനം ചെയ്യില്ല. ഇതിന്‍റെ മൂല്യം ഒന്നുകിൽ കുത്തനെ കുതിച്ച് കയറാം. അതും അവിശ്വസനീയമായ രീതിയിൽ. ഒരു ബിറ്റ്‍കോയിന്‍റെ മൂല്യം ഇരുപതിനായിരം യുഎസ് ഡോളർ വരെയായിട്ടുണ്ട്. അതേസമയം, അതുപോലെ അത് ഇടിഞ്ഞിട്ടുമുണ്ട്. 

അതിനാൽ ഇതൊരു ചൂതാട്ടമാണ്. ചിലപ്പോൾ വാങ്ങാൻ മുടക്കിയ പണം തിരികെ കിട്ടും. ചിലപ്പോൾ വൻ നഷ്ടമുണ്ടാകും. ചിലപ്പോൾ വലിയ ലാഭം കിട്ടി കോടിപതിയാകാം. 

എങ്ങനെയാണ് ക്രിപ്റ്റോ കറൻസി വാങ്ങുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നത്? നമ്മുടെ കയ്യിലിരിക്കുന്ന നോട്ടിന് മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിയന്ത്രണമുണ്ട്. അതുപോലെയല്ല ക്രിപ്റ്റോ കറൻസി. അതിന് മേൽ പുറത്തുനിന്നുള്ള ഒരു ഏജൻസിക്കും നിയന്ത്രണമില്ല. ഇടപാടുകാർക്കാണ് ഇതിന്‍റെ മേൽ നിയന്ത്രണം. രണ്ട് തരത്തിൽ ബിറ്റ് കോയിൻ കൈമാറാം, അല്ലെങ്കിൽ സ്വന്തമാക്കാം. സങ്കീർണമായ ഗണിത അൽഗോരിതങ്ങൾ തുറക്കുന്നത് വഴി സ്വന്തം പ്രയത്നത്തിന് പ്രതിഫലമായി ബിറ്റ്‍കോയിൻ കിട്ടും. ഇതിനെ വിളിക്കുന്നത് ബിറ്റ് കോയിൻ മൈനിംഗ് എന്നാണ്, അഥവാ ബിറ്റ് കോയിൻ ഖനനം.

ബിറ്റ് കോയിൻ കയ്യിലുള്ള വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം കൊടുത്തു വാങ്ങുന്നതാണ് മറ്റൊന്ന്. അദൃശ്യമായ ഈ നാണയം സൂക്ഷിക്കുന്നതെവിടെയാണ്? അതിന് ഡിജിറ്റൽ വാലറ്റുകളുണ്ട്. അത്തരം സേവനം നൽകുന്ന നിരവധി കമ്പനികളുണ്ട് ഇന്‍റർനെറ്റ് ലോകത്ത്.

Follow Us:
Download App:
  • android
  • ios