ആന്ധ്രപ്രദേശിൽ ചെള്ളുപനി (സ്ക്രബ് ടൈഫസ്) രോഗവ്യാപനം രൂക്ഷമാകുന്നു. മൂന്ന് പേർ കൂടി മരിച്ചതോടെ ആകെ മരണം എട്ടായി ഉയർന്നു, സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1537 ആയി. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
വിജയവാഡ: ആന്ധ്രപ്രദേശിൽ ചെള്ളുപനി (സ്ക്രബ് ടൈഫസ്) രോഗം ബാധിച്ച് മൂന്ന് പേർ മരിച്ചു. ഇതോടെ ആകെ മരണം എട്ടായി ഉയർന്നു. സംസ്ഥാനത്ത് രോഗവ്യാപനം ഗുരുതരമായി തുടരുകയാണ്. 746 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1537 ആയി.
സംസ്ഥാനത്ത് പാൽനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ചെള്ളുപനി ബാധിച്ച് മരിച്ചത്. മൂന്ന് പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്. മറ്റ് ജില്ലകളിലായി ആറോളം പേർ മരിച്ചു. ഡിസംബർ ആറ് വരെയുള്ള കണക്കാണ് പുറത്തുവന്നത്.
നവംബർ ഒന്നിനാണ് ചെള്ളുപനി ബാധിച്ചുള്ള ആദ്യ മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പനി ബാധിച്ച് മരിച്ച 19കാരിയിൽ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ച്. ഏറ്റഴും ഒടുവിൽ 64കാരിയായ പി ദനമ്മയാണ് മരണത്തിന് കീഴടങ്ങിയത്.
സംസ്ഥാനത്ത് രോഗവ്യാപനം തടയാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്. 7314 സാംപിളുകൾ ഇതുവരെ പരിശോധിച്ചു. അസിത്രോമൈസിൽ 500 മില്ലിഗ്രാം ഗുളിക 1.06 കോടി എണ്ണം ശേഖരിച്ചുവച്ചെന്നും ഡോക്സിസൈക്ലിൻ എച്ച്സിഎൽ 100മില്ലിഗ്രാമിൻ്റെ 88.62 ലക്ഷം ക്യാപ്സൂളുകളും ശേഖരിച്ചെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


