മുംബൈ: ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച 49 പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് 180ലേറെ സാംസ്കാരിക പ്രവര്‍ത്തകര്‍. പൗരന്മാരെ നിശബ്ദരാക്കാന്‍ കോടതികളെ ദുരുപയോഗം ചെയ്യുകയാണോ എന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലെ പരാമര്‍ശങ്ങള്‍ എങ്ങനെയാണ് രാജ്യദ്രോഹമായതെന്നും അവര്‍ ചോദിച്ചു.

ചലച്ചിത്ര താരം നസറുദ്ദീന്‍ ഷാ, ഛായാഗ്രാഹകന്‍ ആനന്ദ് പ്രധാന്‍, എഴുത്തുകാരായ  അശോക് വാജ്പേയി, ജെറി പിന്‍റോ, അക്കാദമിഷ്യന്‍ ഇറ ഭാസ്കര്‍, കവി ജീത് തയില്‍, സംഗീതജ്ഞന്‍ ടി എം കൃഷ്ണ, ചരിത്രകാരി റൊമിലാ ഥാപ്പര്‍, സിനിമാ നിര്‍മാതാവും ആക്ടിവിസ്റ്റുമായ സബാ ദേവന്‍ എന്നിവരുള്‍പ്പെടുന്ന 180 പേരാണ് സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് പിന്തുണയ അറിയിച്ച് തുറന്ന കത്തെഴുതിയത്. തിങ്കളാഴ്ചയാണ്  കത്ത് പുറത്തുവിട്ടത്. 

'അവര്‍ സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗങ്ങളെന്ന നിലയിലുള്ള കടമയാണ് നിറവേറ്റിയത്. പൗരന്മാരെ നിശബ്ദരാക്കാന്‍ കോടതികളെ ദുരുപയോഗം ചെയ്യുകയാണോ? സാംസ്കാരിക സമൂഹത്തിന്‍റെ ഭാഗമെന്ന നിലയില്‍, മനസ്സാക്ഷിയുള്ള പൗരന്മാരെന്ന നിലയില്‍, ഞങ്ങളെല്ലാവരും അവര്‍ക്കൊപ്പം ഈ പ്രവ്യത്തിയെ അപലപിക്കുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലെ ഓരോ വരികളോടും യോജിക്കുന്നു. അതിനാലാണ് ഞങ്ങള്‍ അവരുടെ കത്ത് വീണ്ടും ഇവിടെ പങ്കിടുന്നത്. സാംസ്കാരിക, അക്കാദമിക്, അഭിഭാഷക സമൂഹങ്ങളും  ഇത് ചെയ്യണമെന്നാണ് അഭ്യര്‍ത്ഥന. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ആളുകളെ നിശബ്ദരാക്കുന്നതിനെതിരെ, പൗരന്മാരെ ഉപദ്രവിക്കാന്‍ കോടതികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് ഞങ്ങളുടെ ശബ്ദം'- കത്തില്‍ പറയുന്നു. 

സെപ്തംബര്‍ മൂന്നിനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്തിയതിനും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനും രാജ്യദ്രോഹം, പൊതുശല്യം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.