ജയ്പൂര്‍: കൊവിഡ് വ്യാപനം ശക്തമായതോടെ രാജസ്ഥാനിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യു പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതല്‍ ഈമാസം 30 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. കടകളും വിദ്യാഭ്യാസ/കോച്ചിങ് സ്ഥാപനങ്ങളും വൈകുന്നേരം അഞ്ചുമണിക്ക് അടയ്ക്കണം. പൊതുപരിപാടികളും കായിക പരിപാടികളും പാടില്ല. വിവാഹ ചടങ്ങുകളില്‍ 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. രോഗബാധ ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ നിയന്ത്രണം കടുപ്പിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. 

കൊവിഡ് വ്യാപന പട്ടികയില്‍ ഒന്നാമതുള്ള അമേരിക്കയെ മറികടന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്  1,80,372 പുതിയ കേസുകളാണ്. ആറ് മാസത്തിനിടെ ഇതാദ്യമായി പ്രതിദിന മരണ സംഖ്യ 1027 ലെത്തി. കേരളത്തിലേതടക്കം സാഹചര്യം ഗുരുതരമെന്ന് വീണ്ടും വിലയിരുത്തിയ കേന്ദ്രം പ്രദേശിക നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കണമെന്നാവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ കൊവിഡ് നിയന്ത്രണം കൂട്ടുന്നത്. 

വരുന്ന പതിനഞ്ച് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ച് രോഗ നിയന്ത്രണത്തിനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്രസര്‍ക്കാര്‍.  നിയന്ത്രണങ്ങള്‍  അവഗണിക്കപ്പെട്ടതോടെ  കുഭമേളക്കെത്തിയ ആയിരത്തിലധികം പേര്‍ക്ക് ഇതിനോടകം കൊവിഡ് ബാധിച്ചു.   സ്വന്തം മണ്ഡലത്തില്‍ പോലും വാക്സീന്‍ ലഭ്യത ഉറപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ലെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിനിടെ രാജ്യത്ത് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.