ഓക്സിജന്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഹെല്‍ത്ത് സെസും ഒഴിവാക്കും. രാജ്യത്ത് പുതിയ വാക്സിനേഷൻ നയം നടപ്പിലാക്കാനുള്ള നിർദേശങ്ങളും കേന്ദ്രം മുന്നോട്ട് വെച്ചിട്ടുണ്ട്.
ദില്ലി: ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ കേന്ദ്ര ഇടപെടല്‍. മെഡിക്കല്‍ ഓക്സിജന്‍റെയും, ഓക്സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും ഇറക്കുമതിയില്‍ കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായതോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടാമത് ഉന്നതതല യോഗമാണ് നിര്‍ണ്ണായക തീരുമാനങ്ങളെടുത്തത്.
മൂന്ന് മാസത്തേക്ക് ഓക്സിജന്‍ ഇറക്കുമതിയിലെ കസ്റ്റംസ് തീരുവ എടുത്ത് കളഞ്ഞു. ഓക്സിജന്‍ ഉത്പാദന ഉപകരണങ്ങളായ സ്റ്റോറേജ് ടാങ്കറുകള്‍, സിലിണ്ടറുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിയിലും കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് ഇല്ല. വാക്സീനുകളുടെ ഇറക്കുമതിയിലും കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് വേണ്ടെന്ന് വയക്കാന്‍ തീരുമാനമായി. മെഡിക്കല്‍ ഓക്സജിന്‍ ആശുപത്രികള്‍ക്കൊപ്പം വീടുകളിലും എത്തിച്ച് നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ചികിത്സാ സാമാഗ്രികളുടെ കസ്റ്റംസ് ക്ലിയറന്‍സ് തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും നിര്‍ദ്ദേശം നല്‍കി. അതേസമയം സിംഗപ്പൂരില്‍ നിന്ന് നാല് ദ്രാവക ഓക്സിജന്‍ ടാങ്കറുകളുമായി വ്യോമസേന വിമാനം പശ്ഛിമബംഗാളിലെ പനാഗഡ് എയര്‍ ബേസിലേക്ക് പുറപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റഷ്യയില്‍ നിന്ന് 50,000 മെട്രിക് ടണ്‍ ഓക്സിജന്‍ എത്തിക്കാന്‍ നടപടി തുടങ്ങിയതിനിടെ ചൈനയുടെ വാഗ്ദാനവും പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ സ്വീകരിച്ചേക്കും. വിദേശ രാജ്യങ്ങളില്‍ നിന്ന് ഓക്സിജന്‍ വിരണത്തിന് 24 ക്രയോജനിക് കണ്ടെയ്നറുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് സ്വകാര്യ കമ്പനിയായ ഐടിസി ലിമിറ്റഡും അറിയിച്ചു.
പുതിയ വാക്സിൻ നയത്തിൽ മാറ്റമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾ നേരിട്ട് വാക്സീൻ വാങ്ങുന്നതിന് ആദ്യ പരിഗണന നൽകണമെന്ന് കേന്ദ്രം നിർദേശിച്ചു. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് വാക്സിനേഷൻ സെന്‍ററുകളുടെ എണ്ണം കൂട്ടാനും കേന്ദ്രം ആവശ്യപ്പെട്ടു. 50 ശതമാനം വാക്സീൻ സംസ്ഥാനങ്ങൾ നേരിട്ട് വാങ്ങണമെന്ന കേന്ദ്രത്തിന്‍റെ പുതുക്കിയ നയത്തിനെതിരെ സംസ്ഥാനങ്ങളിൽ നിന്നും പ്രതിഷേധമുയരുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ നിർദേശങ്ങൾ.
