ചെന്നൈ: നിവാർ ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിൽ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമർദ്ദം നിവാറിന്റെ അതേ ദിശയിൽ സഞ്ചരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

അതിനിടെ നിവാർ ദുർബലമായിട്ടും തെക്കേ ഇന്ത്യയിലെ തീരമേഖലകളിൽ കനത്ത മഴ തുടരുകയാണ്. കാഞ്ചീപുരത്ത് പ്രളയ സാധ്യത കണക്കിലെടുത്ത് ആയിരകണക്കിന് പേരെ മാറ്റി പാർപ്പിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുന്നു. ആന്ധ്രയിലെ ചിറ്റൂർ, കടപ്പ, നെല്ലൂർ ജില്ലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

തീരമേഖലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നിവാർ ശക്തമായി ആഞ്ഞടിച്ച കാർഷിക മേഖലയായ തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും കനത്ത മഴയുണ്ട്. കാഞ്ചീപുരത്ത് നദികൾ കരകവിഞ്ഞതോടെ പ്രളയ സാധ്യത കണക്കിലെടുത്ത് നാൽപ്പത് ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ചെന്നൈയിലെ താഴ്ന്ന ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.