Asianet News MalayalamAsianet News Malayalam

ഉംപുൺ ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിൽ ഉഗ്രരൂപം പ്രാപിക്കും; കേരളത്തിലും കനത്ത മഴക്ക് സാധ്യത

അതിതീവ്ര ചുഴലിക്കാറ്റായി മാറിയാൽ കാറ്റിന്റെ വേഗത 200 കിലോമീറ്റർ വരെ എത്താം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ഇത് ഇന്ത്യൻ തീരത്തെത്തും.

Cyclone Amphan Likely To Intensify Into Cyclonic Storm In Next 6 Hours Weather Office
Author
Hyderabad, First Published May 17, 2020, 9:40 AM IST

ഹൈദരാബാദ്: ഉംപുൺ ചുഴലിക്കാറ്റ് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അടുത്ത ആറ് മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ രാവിലെയോടെ കൂടുതൽ ചുഴലിക്കാറ്റ് തീവ്രമാകും എന്നാണ് മുന്നറിയിപ്പ്. നിലവിൽ ഒഡിഷയിലെ പാരാദ്വീപിന് 990 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. വടക്കു കിഴക്കൻ തീരങ്ങൾ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ്, തുടർന്ന് ബംഗാൾ ഒഡിഷ തീരത്തേക്ക് നീങ്ങും. 

അതിതീവ്ര ചുഴലിക്കാറ്റായി മാറിയാൽ കാറ്റിന്റെ വേഗത 200 കിലോമീറ്റർ വരെ എത്താം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ബുധനാഴ്ച വൈകീട്ടോടെ ഇത് ഇന്ത്യൻ തീരത്തെത്തും. പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരങ്ങളിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്ര പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 

ദേശീയ ദുരന്തനിവാരണ സേനയുടെ പതിനേഴ് സംഘത്തെ ഒഡീഷയിൽ വിന്യസിച്ചു. ഒഡിഷയിലെ പുരി, ബാലസോർ, ജഗത്സിങ് പൂർ ഉൾപ്പടെ ഉള്ള ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ 10 ടീമിനെ വിന്യസിപ്പിച്ചിരിക്കുന്നത്. ഒഡിഷയിലെ 12 തീരദേശ ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ് നൽകി. അപായ സാധ്യത മേഖലയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. പ്രത്യേക ശ്രമിക് ട്രെയിനുകൾ റദ്ദാക്കി.  ഉംപുൺ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നെ തുടർന്നാണ് തയാറെടുപ്പ്. 

കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ലെന്നും നിർദ്ദേശമുണ്ട്.

Follow Us:
Download App:
  • android
  • ios