നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹസ്‍നാബാദ് - ഹിൻഗൾഗഞ്ജ് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ഈ പ്രദേശത്തെ ഇച്ഛാമതി നദിക്കരയിലുള്ള എല്ലാ വീടുകളും ഒഴുകിപ്പോയി. മരിച്ചവരുടെ കുടുംബത്തിന് രണ്ടരലക്ഷം സഹായധനം പ്രഖ്യാപിക്കുന്നതായും മമതാ ബാനർജി.

കൊൽക്കത്ത: പശ്ചിമബംഗാളിലും ഒഡിഷ തീരത്തുമായി ദുരന്തം വിതച്ച് ഉംപുൺ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ മാത്രം 72 പേർ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കൊൽക്കത്തയിൽ മാത്രം മരണം 15 ആയി. വീട് തകർന്നുവീണും, വീടിന് മുകളിൽ മരണം വീണും, തകർന്നുവീണ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളുണ്ടായതെന്നും മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. 

''ഇങ്ങനെയൊരു ദുരന്തം എന്‍റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഇത് സർവനാശമായിരുന്നു. പ്രകൃതിയുടെ താണ്ഡവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പശ്ചിമബംഗാൾ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി സംസ്ഥാനത്തിന് വേണ്ട സഹായധനം നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചിരുന്നു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു'', മമതാ ബാനർജി പറഞ്ഞു. ഒരു ലക്ഷം കോടിയുടെ നഷ്ടമെങ്കിലും ഉംപുൺ വീശിയടിച്ചതിലൂടെ സംസ്ഥാനത്തിന് ഉണ്ടായെന്നാണ് കണക്കുകൂട്ടൽ. കൊവിഡിനേക്കാൾ ഭീതിദമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും മമതാ ബാനർജി പറഞ്ഞു. 

Scroll to load tweet…

മരിച്ചവരുടെ കുടുംബങ്ങൾക്കെല്ലാം രണ്ടരലക്ഷം രൂപ വീതം സഹായധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൊവിഡ് ഭീതിക്കിടെ വന്ന ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമാണ് സംസ്ഥാനത്തെമ്പാടും ഉണ്ടായത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹസ്‍നാബാദ് - ഹിൻഗൾഗഞ്ജ് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ഈ പ്രദേശത്തെ ഇച്ഛാമതി നദിക്കരയിലുള്ള എല്ലാ വീടുകളും ഒഴുകിപ്പോയി. 50 ഗ്രാമങ്ങളിൽ വെള്ളം കയറി. ആയിരക്കണക്കിന് പേർ ഭവനരഹിതരായി. മിക്കവരെയും ക്യാമ്പുകളിലേക്ക് മാറ്റാൻ പോലുമായില്ല. റോഡുകൾ വെള്ളം കയറി തകർന്നതിനാൽ നിരവധിപ്പേർ നിരത്തുകളിലാണ്.

Scroll to load tweet…

അഞ്ച് ലക്ഷം പേരെ ഒഴിപ്പിച്ചതായും എന്നാൽ സംസ്ഥാനസർക്കാരിന് ഈ ചുഴലിക്കാറ്റിന്‍റെ ശരിയായ രീതിയിലുള്ള പ്രത്യാഘാതം തിരിച്ചറിയാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴ തുടരുന്നതിനാൽ വെള്ളം കയറിയ പല മേഖലകളിലും എത്തിപ്പെടുന്നത് ബുദ്ധിമുട്ടാണ്. 

പശ്ചിമബംഗാളിൽ നാശനഷ്ടങ്ങൾ ഭീതിദമാം വിധം ഉയർന്നതാണെന്ന് ഗവർണർ ജയ്ദീപ് ധൻകർ പറഞ്ഞു. ''സംസ്ഥാനത്ത് മൊബൈൽ, ഇന്‍റർനെറ്റ് സേവനം താറുമാറായിരിക്കുകയാണ്. സർവീസ് പ്രൊവൈഡർമാരോട് എത്രയും പെട്ടെന്ന് സേവനങ്ങൾ പുനസ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്. ആശയവിനിമയം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കപ്പെടേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കായി മുഖ്യമന്ത്രിയുടെ റിപ്പോർട്ട് കാത്തിരിക്കുന്നു'', എന്ന് ഗവർണർ ജയ്ദീപ് ധൻകർ. 

Scroll to load tweet…

ഇന്നലെ വൈകിട്ടോടെയാണ് ഉംപുൺ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെ സുന്ദർബൻസിനടുത്ത് തീരം തൊട്ടത്. മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ വൻനാശം വിതച്ചുകൊണ്ട് കടന്നുപോയ ചുഴലിക്കാറ്റ്, ഇപ്പോൾ ബംഗ്ലാദേശിലെത്തിയെന്നും, തീവ്രത കുറഞ്ഞെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കൊൽക്കത്തയിൽ ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകുന്നതും, ദുർബലമായ കെട്ടിടങ്ങൾ നിലം പൊത്തുന്നതും കണ്ടു. കൊൽക്കത്ത വിമാനത്താവളം അടച്ചിട്ടെങ്കിലും വെള്ളം കയറി. വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ബംഗ്ലാദേശിൽ ഉംപുൺ വീശിയടിച്ച് ഉണ്ടായ നാശനഷ്ടങ്ങളിൽ മരിച്ചത് പത്ത് പേരാണ്. ബംഗ്ലാദേശിൽ കഴിഞ്ഞ പതിറ്റാണ്ടിൽ ആഞ്ഞടിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഉംപുൺ. 2007-ൽ ബംഗ്ലാദേശിൽ ആഞ്ഞടിച്ച സിദ്ർ ചുഴലിക്കാറ്റിൽ മരിച്ചത് 3500 പേരാണ്. 1999-ൽ ഒഡിഷയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ മരിച്ചത് പതിനായിരത്തോളം പേരും. 

Scroll to load tweet…

എന്നാൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണവകുപ്പിന്‍റെയും എൻഡിആർഎഫിന്‍റെയും, സംസ്ഥാനദുരന്തനിവാരണ അതോറിറ്റിയുടെയും കൃത്യമായ മുന്നറിയിപ്പും മുന്നൊരുക്കങ്ങളുമാണ് മരണസംഖ്യ കുറച്ചതെന്ന് എൻഡിആർഎഫ് അവകാശപ്പെട്ടു. ഒഡിഷ 24 മണിക്കൂറിനകം സാധാരണനിലയിലേക്ക് എത്തും. 

അടുത്ത രണ്ട് ദിവസം ബംഗ്ലാദേശിൽ കനത്ത മഴ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ കോക്സ് ബസാറടക്കം നിരവധി ഇടങ്ങളിൽ കനത്ത മഴ തുടരുകയാണ്. എട്ട് ലക്ഷത്തി അമ്പതിനായിരത്തോളം രോഹിങ്ക്യൻ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന കോക്സ് ബസാറിലുണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾ ചെറിയ ദുരന്തമാകില്ല വരുത്തിവയ്ക്കുക എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മഴ കൂടി കനക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ബംഗ്ലാദേശ് സർക്കാർ.

Scroll to load tweet…

ചുഴലിക്കാറ്റ് ഇപ്പോൾ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലാണുള്ളത്, കാണാം, തത്സമയം: