Asianet News MalayalamAsianet News Malayalam

'ഉംപുൺ' വൈകിട്ടോടെ സൂപ്പർ സൈക്ലോണാകും, ചുഴലിക്കാറ്റുകളിൽ ഏറ്റവും ശക്തിയേറിയത്

ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ഒരു ശക്തിയേറിയ ചുഴലിക്കാറ്റിന്‍റെ ഭീഷണി കൂടി രാജ്യം നേരിടുന്നത്. 

cyclone amphan to turn super cyclone by 18 may evening predicts cmd
Author
Bengaluru, First Published May 18, 2020, 10:03 AM IST

ബെംഗളുരു: ഉംപുൺ എന്ന ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പർ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പ്രതീക്ഷിച്ചതിലും വേഗത്തിൽ, അതിശക്തമായി ഇന്ത്യൻ തീരത്തേക്ക് ഉംപുൺ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൂട്ടൽ. നിലവിൽ മണിക്കൂറിൽ 260 കിലോമീറ്ററാണ് കടലിൽ ഉംപുണിന്‍റെ വേഗത. ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ഒരു ശക്തിയേറിയ ചുഴലിക്കാറ്റിന്‍റെ ഭീഷണി കൂടി രാജ്യം നേരിടുന്നത്. 

ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റർ തെക്കും പശ്ചിമബംഗാളിന്‍റെ ദിഖയുടെ 1110 കിലോമീറ്റർ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോൾ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 200 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമുണ്ടാകും. 

അതേസമയം, കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരാൻ തന്നെയാണ് സാധ്യത. ഇന്നലെ രാത്രി തെക്കൻ ജില്ലകളിൽ ഉൾപ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലർട്ട് ആണ്.

ഒഡിഷയിൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചാണ് രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങൾക്കും മുഖ്യമന്ത്രി നവീൻ പട്നായിക് നേതൃത്വം നൽകുന്നത്. ''ഈ വർഷം കൊറോണവൈറസിന്‍റെ ഭീഷണി കൂടി നിലനിൽക്കുന്നതിനാൽ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാർപ്പിക്കാനാകില്ല. സാമൂഹിക അകലം പാലിച്ച് ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തിൽ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. മിക്കവയും സ്കൂൾ, കോളേജ് കെട്ടിടങ്ങളാണ്'', എന്ന് ഒഡിഷയിലെ ദുരിതാശ്വാസപ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്പെഷ്യൽ ഓഫീസർ പ്രദീപ് ജെന അറിയിച്ചു. 

കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഭീഷണിയിൽ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡിഷയും. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കുകൂട്ടപ്പെടുന്ന ജഗത് സിംഗ്പൂരിൽ, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കും. 

ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും ജില്ലാ ഭരണകൂടം അറിയിക്കുന്നു. ജഗത് സിംഗ് പൂരിന് പുറമേ, ഒഡിഷയിലെ പുരി, കേന്ദ്രപാഡ, ബാലാസോർ, ജാപൂർ, ഭാദ്രക്, മയൂർഭാജ് എന്നിവിടങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും കാറ്റിന്‍റെ പ്രഭാവത്തിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും. 

പശ്ചിമബംഗാളിൽ നോർത്ത്, സൗത്ത് പർഗാനാസ്, കൊൽക്കത്ത, ഈസ്റ്റ, വെസ്റ്റ് മിദ്നാപൂർ, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 

ചുഴലിക്കാറ്റിന്‍റെ തത്സമയസഞ്ചാരപഥം:

Follow Us:
Download App:
  • android
  • ios