ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന 'അർണാബ്' ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് ആന്ധ്രപ്രദേശ് തീരത്ത് കരതൊടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ആന്ധ്രയിലും ഒഡിഷയിലും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. ജനങ്ങളോടും മത്സ്യത്തൊഴിലാളികളോടും ജാഗ്രത പാലിക്കാൻ നിർദേശിച്ചു.
വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന 'അർണാബ്' ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് ഉച്ചയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ആന്ധ്രപ്രദേശിലെ ബാപറ്റ്ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരമേഖലയിലാണ് ചുഴലിക്കാറ്റ് എത്തുക. മണിക്കൂറിൽ 115-125 കിലോമീറ്റർ വേഗത്തിൽ അതിശക്തമായ കാറ്റുവീശുമെന്നും കാറ്റ് 140 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
തീവ്ര ന്യൂനമർദ്ദം ഒക്ടോബർ 26-ഓടെ അർണാബ് ചുഴലിക്കാറ്റായും, 27-ന് കൂടുതൽ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായും മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഇതിൻ്റെ ഭാഗമായി അതിതീവ്ര മഴ മുന്നറിയിപ്പാണ് ആന്ധ്രയിലും ഒഡിഷയിലും പല ജില്ലകളിലും പ്രവചിച്ചിരിക്കുന്നത്. ഒക്ടോബർ 26-ന് രാത്രി മുതലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര ആന്ധ്ര, ഈസ്റ്റ് ഗോദാവരി, കൃഷ്ണ, ഗുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിലാണ് ഒക്ടോബർ 27 നും 28 നും അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
അപകടഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളോട് സർക്കാർ നിർദേശം അനുസരിച്ച് മാറിത്താമസിക്കണമെന്നും സർക്കാരിൻ്റെ മുന്നറിയിപ്പുകൾ അനുസരിക്കണമെന്നും നിർദേശമുണ്ട്. ഒപ്പം മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം പാലിക്കാൻ പുറപ്പെടുവിച്ചിട്ടുണ്ട്.







