കൊല്‍ക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബുൾബുൾ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ തീരത്ത് കനത്ത നാശം വിതച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. രാത്രി 12 മണിയോടെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാരക്കും ഇടയ്ക്കാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഒഡിഷയിലും ബംഗാളിലുമായി രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റിൽ തീരപ്രദേശങ്ങളിലെ വീടുകൾക്കും വൈദ്യുത ലൈനുകൾക്കും കേടുപാടുകള്‍ സംഭവിച്ചു.

115 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. റേഡുകൾ തകർന്നു. ഹൗറ , ഹൂഗ്ലി, മുഷിദാബാജി ജില്ലകളിൽ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മത്സ്യ ബന്ധനം, ബോട്ട് സർവീസുകൾ, റോഡ്,റെയിൽ ഗതാഗതങ്ങൾക്കുള്ള നിയന്ത്രണം ഇന്നും തുടരും. തീരപ്രദേശത്തെ നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് ഇതിനോടകം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും ജാഗ്രത തുടരുകയാണ്.

താഴ്ന്ന ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കടത്തു വള്ളങ്ങൾക്കും, മീൻ പിടുത്തത്തിനുംബംഗ്ലാദേശ് സർക്കാരും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിലേക്ക് കടക്കും തോറും കാറ്റിന്‍റെ വേഗത കുറഞ്ഞേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് കേന്ദ്രം വ്യക്തമാക്കി.