Asianet News MalayalamAsianet News Malayalam

നിവാർ അതിതീവ്ര ചുഴലിക്കാറ്റാവും, പ്രതീക്ഷിക്കുന്ന വേഗത 145 കിമീ, ആന്ധ്രയിലും റെഡ് അലർട്ട്

തമിഴ്‌നാട്ടിലെ കടലൂർ തീരത്ത് നിന്നും 300 കിലോമീറ്റർ ദൂരെയാണ് നിലവിൽ നിവാർ ഉള്ളത്. ഏറ്റവും പുതിയ നിഗമനങ്ങളുടെ പശ്ചാത്തലത്തിൽ ആന്ധ്രപ്രദേശിന്റെ ദക്ഷിണ മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു

Cyclone Nivar would touch TN port at 145km speed Red alert announced at Southern side of Andhra Pradesh
Author
Chennai, First Published Nov 24, 2020, 10:47 PM IST

ചെന്നൈ: നിവാർ അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് മുന്നറിയിപ്പ്. 145 കിലോമീറ്റർ വേഗത്തിൽ ഇന്ത്യൻ തീരത്ത് ആഞ്ഞ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ്. തമിഴ്‌നാട്ടിലെ കടലൂർ തീരത്ത് നിന്നും 300 കിലോമീറ്റർ ദൂരെയാണ് നിലവിൽ നിവാർ ഉള്ളത്. ഏറ്റവും പുതിയ നിഗമനങ്ങളുടെ പശ്ചാത്തലത്തിൽ ആന്ധ്രപ്രദേശിന്റെ ദക്ഷിണ മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിൽ ശക്തമായി മഴ പെയ്യുന്നുണ്ട്. മൂന്ന് വിമാനങ്ങൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് രാത്രി 9.15 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ട്രിച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് രാത്രി 11.25 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ചെന്നൈയിൽ നിന്ന് ട്രിച്ചിയിലേക്ക് രാത്രി 8.35 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം എന്നിവയാണ് റദ്ദാക്കിയത്. 

നാവികസേനയും കോസ്റ്റ് ഗാർഡും സുരക്ഷയ്ക്കായി വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. നാഗപട്ടണം, രമേശ്വരം തീരങ്ങളിൽ നാവികസേനയുടെ ഏഴ് സംഘങ്ങളെ വിന്യസിച്ചു. രണ്ട് ഹെലികോപ്റ്ററുകൾ, എയർ ആംബുലൻസ് എന്നിവയടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി സ്പെഷ്യൽ, ചെന്നൈ-കൊല്ലം അനന്തപുരി സ്പെഷ്യൽ ,ചെങ്കോട്ട മധുരൈ വഴിയുള്ള കൊല്ലം - ചെന്നൈ എഗ്മോർ, ചെന്നൈ-കൊല്ലം എഗ്മോർ എന്നീ സ്പെഷ്യൽ ട്രെയിനുകൾ  പൂർണമായും റദ്ദ് ചെയ്തു.

ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപ്പുരത്തിനുമിടയിൽ തീരം തൊടും. തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകി.  വടക്കൻ തമിഴ്നാട്ടിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ഒമ്പത് ജില്ലകളിൽ സ്ഥിതി ഗുരുതരമാകാം. മൂന്നു സംസ്ഥാനങ്ങളിൽ 30 ൽ അധികം ടീമിനെ നിയോഗിച്ചിട്ടുണ്ട്. അടച്ചുറപ്പുള്ള വീടുകളിൽ കഴിയുന്നവർ അവിടെ തന്നെ കഴിയണം. മറ്റുള്ളവർ കാമ്പിലേക്ക് മാറാണമെന്നും എൻഡിആർ എഫ് അറിയിച്ചു. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി പ്രഖ്യാപിച്ചു.

Follow Us:
Download App:
  • android
  • ios