ദില്ലി/ മുംബൈ: തീവ്രചുഴലിക്കാറ്റായി മാറിയ 'ടൗട്ടെ' അടുത്ത 12 മണിക്കൂറിൽ അതിതീവ്രചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന 'ടൗട്ടെ', 18-ാം തീയതി രാവിലെയോടെ ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നും, അന്ന് ഉച്ച തിരിഞ്ഞോ, വൈകിട്ടോടെയോ, പോ‍ർബന്ദറിനും നാലിയയ്ക്കും ഇടയിൽ തീരം തൊടുമെന്നുമാണ് കണക്കുകൂട്ടൽ. തീരം തൊടുമ്പോൾ, മണിക്കൂറിൽ 150 - 160 കിലോമീറ്ററെങ്കിലും വേഗത്തിലാകും 'ടൗട്ടെ' ആഞ്ഞടിക്കുകയെന്നാണ് കരുതപ്പെടുന്നത്. ഇത് 175 കി.മീ വരെയാകാൻ സാധ്യതയുണ്ട്. 

'ടൗട്ടെ'യുടെ പ്രഭാവം മൂലമുള്ള കനത്ത മഴയിലും കാറ്റിലും പെട്ട്, കേരളത്തിൽ രണ്ട് പേരും, കർണാടകത്തിൽ നാല് പേരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത്, ദിയു തീരങ്ങൾ ചുഴലിക്കാറ്റ് ജാഗ്രതയിലാണ്. കർണാടകത്തിൽ ആറ് ജില്ലകളിലും, മൂന്ന് തീരദേശജില്ലകളിലും മൂന്ന് മലനാട് ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴക്കെടുതികളിൽ 73 ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും കർണാടക ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

ദിയു, ഗിർ സോംനാഥ്, അംറേലി, ബറൂച്, ഭാവ്‍നഗർ, അഹമ്മദാബാദ്, ആനന്ദ്, സൂരത്ത് എന്നിവിടങ്ങളിൽ 3 മീറ്റർ വരെ ഉയരത്തിൽ തിരകളുയരാം. ദേവ്‍ഭൂമി ദ്വാരക, ജാംനഗർ, പോർബന്ദർ, കച്ച് എന്നിവിടങ്ങളിൽ ശക്തമായ കടൽക്ഷോഭവും തീരനാശവുമുണ്ടാകും. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കരുതപ്പെടുന്ന ഭാവ്‍നഗറിലും പോർബന്ദറിലും ചെറുവീടുകൾ പലതും തകരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ചുഴലിക്കാറ്റ് തീരം തൊടുമ്പോൾ പ്രദേശത്ത് വൈദ്യുതി, ആശയവിനിമയമാർഗങ്ങളെല്ലാം പൂർണമായും തകരാറിലായേക്കും. 

ഗുജറാത്ത്, ദിയു തീരങ്ങളിൽ ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ നാളെ മുതൽ ഓറഞ്ച് അലർട്ടും, മറ്റന്നാൾ റെഡ് അലർട്ടുമായിരിക്കും. 

'ടൗട്ടെ' ചുഴലിക്കാറ്റിനെ നേരിടുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം ചേ‍ർന്നിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരും ദാദ്ര നാഗർ വേലി, ദാമന്‍ - ഡിയു അഡ്മിനിസ്ട്രേറ്റർമാരും പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള നിര്‍ദേശങ്ങള്‍ അമിത്ഷാ യോഗത്തില്‍ വ്യക്തമാക്കി.  ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉന്നതതലയോഗം വിളിച്ച് സ്ഥിഗതികള്‍ വിലയിരുത്തിയിരുന്നു. ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്നും ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും മോദി നിര്‍ദേശിച്ചിരുന്നു. രാവിലെ കേരളവും, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട് തീരങ്ങളിലെ ചീഫ് സെക്രട്ടറിമാരും ലക്ഷദ്വീപ്, ദാദ്ര- നാഗർഹവേലി, ദാമൻ - ദിയു അഡ്മിനിസ്ട്രേറ്റർമാരുമായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. 

കൊങ്കൺ റെയിൽവെ ട്രാക്കിൽ മഡ്‍ഗാവിനടുത്ത് രാവിലെ ട്രാക്കിൽ മരം വീണ് അൽപനേരം ഗതാഗതം സ്തംഭിച്ചിരുന്നു. 

മഹാരാഷ്ട്രയിലും ഗുജറാത്തിലും നിന്ന് മീൻപിടിക്കാൻ പോയ 19 ബോട്ടുകളൊഴികെ ബാക്കിയെല്ലാം തീരത്ത് സുരക്ഷിതമായി തിരിച്ചെത്തിയെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 

നാളെ മുതൽ രണ്ട് ദിവസത്തേക്ക് മുംബൈയിൽ വാക്സിനേഷൻ പരിപാടികളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. മുംബൈ, ഗോവ, ക‍ർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് ആശുപത്രികളടക്കമുള്ളവ കനത്ത മഴ നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ്. ഗുജറാത്ത് തീരത്ത് കൊവിഡ് രോഗികൾക്കടക്കം അടിയന്തരമായി സഹായം നൽകാൻ 175 മൊബൈൽ ഐസിയു വാനുകൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. മഴക്കെടുതിക്ക് ഇടയിലും രോഗികൾക്ക് ചികിത്സ മുടങ്ങാതിരിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. 

'ടൗട്ടെ' നിലവിൽ എവിടെയെത്തി? ചുഴലിക്കാറ്റിന്‍റെ തത്സമയസഞ്ചാരപഥം കാണാം:

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona