ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അർണബ്' ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് ആന്ധ്രാ തീരത്ത് കരതൊടും. ഇതിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം 'അർണബ്' ചുഴലിക്കാറ്റായി മാറി. കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും സമീപ പ്രദേശങ്ങളിലും നിലകൊള്ളുന്ന അർണബ് മറ്റന്നാൾ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന അർണബ്, ഇന്ന് അർദ്ധരാത്രിയോടെ കടുത്ത ചുഴലിക്കാറ്റായും ഒക്ടോബർ 27 ഓടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കും. തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന അർണബ് ചുഴലിക്കാറ്റ് ഒക്ടോബർ 28 ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തുകൂടി കരതൊടുമെന്നാണ് പ്രതീക്ഷ. നിലവിൽ ഗോപാൽപൂരിൽ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ഇതിന്റെ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചിലപ്പോൾ 140 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ അർണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്.
കേരളത്തിലെ മഴ സാധ്യത
ഓറഞ്ച് അലർട്ട്
26/10/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
26/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്
27/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക






