സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര ഉൾപ്പടെ 11 മന്ത്രിമാരാണ് കർണാടകയിൽ ഇന്ന് അധികാരമേൽക്കുന്നത്. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും ഡി കെ ശിവകുമാർ സർക്കാരിന്റെ മന്ത്രിസഭയിലുണ്ട്. പാർട്ടിക്ക് വഴങ്ങി മുഖ്യമന്ത്രി പദമൊഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാക്കി.
ബെംഗളൂരു: കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേൽക്കും. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും മന്ത്രിസഭയിയിലുണ്ട്. വൈകിട്ട് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേരള മുഖ്യമന്ത്രി വി ഡി സതീശനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, പാർട്ടിക്ക് വഴങ്ങി മുഖ്യമന്ത്രി പദമൊഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമാക്കി.
കർണാടകയുടെ ഇരുപത്തിയഞ്ചാം മുഖ്യമന്ത്രിയായിയായിട്ടാണ് ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ദില്ലിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇന്നലെയാണ് ശിവകുമാറിനൊപ്പം ചുമതലയേൽക്കുന്നവരുടെ പട്ടിക പുറത്തുവന്നത്. രണ്ട് മലയാളികൾ ഉൾപ്പെടെ 11 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കെ ജെ ജോർജും മുൻ സ്പീക്കർ യു ടി ഖാദറുമാണ് ഡി കെ മന്ത്രിസഭയിലേക്കെത്തുന്ന മലയാളികൾ. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും ഇന്ന് ചുമതലയേൽക്കുന്നവരുടെ കൂട്ടത്തിലുണ്ട്. സിദ്ധരാമയ്യയുടെ വിശ്വസ്തരായ ജി പരമേശ്വര, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പം പ്രിയങ്ക് ഖർഗെയും എംബി പാട്ടീലും സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പട്ടികയിലുണ്ട്. ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധർ എന്നിവരുടെ പേരുകളും ദില്ലിയിൽ നിന്ന് അംഗീകരിച്ച് കിട്ടിയവരുടെ കൂട്ടത്തിലുണ്ട്. അതേസമയം ശബ്ദ വിവാദത്തിൽ കുടുങ്ങിയ മുൻ മന്ത്രി സമീർ അഹമ്മദിന്റെ പേര് പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ്. ഡി കെയുടെ വിശ്വസ്തനും മലയാളിയായ എൻ എ ഹാരിസിന്റെ പേരും ഈ പട്ടികയിലില്ല.
ഉപമുഖ്യമന്ത്രി പദവി ഡി കെ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. മന്ത്രിസഭാ പുനഃസംഘടന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്നതിനാൽ ഡി കെ വിഭാഗം നിരാശരല്ല. അതേസമയം ഇന്ന് ലോക്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വളരെ കുറച്ച് പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. കർശന നിയന്ത്രണങ്ങളാണ് ലോക്ഭവൻ പരിസരത്തും വിധാൻ സൗധ പരിസരത്തും പ്രഖ്യാപിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ കേന്ദ്ര നേതാക്കൾക്ക് പുറമേ, കേരള മുഖ്യമന്ത്രി വി ഡി സതീശൻ, ഉൾപ്പെടെയുള്ളവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

