സിപിഐയിൽ പ്രായപരിധി നിർബന്ധമായി നടപ്പാക്കണമെന്നല്ല പൊതുവെ നടപ്പാക്കണമെന്നാണ് പാർട്ടി ഭരണഘടനയെന്ന് ജനറൽ സെക്രട്ടറി ഡി രാജ. ഊർജസ്വലതയും ആരോഗ്യവും പരിഗണിച്ചാണ് തനിക്ക് ഇളവ് നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: നേതൃപദവികളിൽ പ്രായപരിധി കർശനമാക്കേണ്ട വ്യവസ്ഥയല്ലെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡി.രാജ. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൻ്റെ ഊർജസ്വലതയും ആരോഗ്യവും പരിഗണിച്ചാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പാർട്ടി ഒരവസരം കൂടി അനുവദിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തനിക്ക് നന്നായി പ്രവർത്തിക്കാൻ സാധിക്കുമെന്ന് കണ്ടാണ് ഇളവ് നൽകിയത്. പാർട്ടിയെ മെച്ചപ്പെട്ട രീതിയിൽ നയിക്കാൻ ആവുന്നവർക്ക് ഇളവ് നൽകേണ്ടി വരുമെന്നും ഡി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രായപരിധി നിർബന്ധമായി നടപ്പാക്കണമെന്നല്ല പാർട്ടി ഭരണഘടന. മറിച്ച് പൊതുവെ നടപ്പാക്കണം എന്നതാണ്. അതുകൊണ്ട് ഇളവിനുള്ള ഇടം ഭരണഘടന നൽകുന്നുണ്ട്. കേരളം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിജയത്തിനായി പരിശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഹാറിൽ ന്യായമായ സീറ്റ് നേടിയെടുക്കാൻ ശ്രമിക്കും. കേരളത്തിൽ സിപിഐയുടെ വിജയത്തിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കും. പശ്ചിമ ബംഗാളിൽ ഇടതിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.