കനയ്യകുമാർ കോൺഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമാണ്. കനയ്യ ചൊവ്വാഴ്ച രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

ദില്ലി: സി പി ഐ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കനയ്യകുമാറിനെ അനുനയിപ്പിക്കാൻ നീക്കം. ദേശീയ ജനറൽ സെക്രട്ടറി ഡി രാജ കനയ്യയുമായി കൂടിക്കാഴ്ച നടത്തി. സിപിഐ ആസ്ഥാനമായ അജോയ് ഭവനിൽ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച. കനയ്യ എവിടെയും പോകില്ലെന്നും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ലെന്നും രാജ പ്രതികരിച്ചു.

കനയ്യകുമാർ കോൺഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമാണ്. കനയ്യ ചൊവ്വാഴ്ച രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സിപിഐ ദേശീയ നിര്‍വ്വഹക സമിതി അംഗമായ കനയ്യ കുമാറിനെ കൊണ്ടുവരുന്നത് തങ്ങൾക്ക് ഗുണകരമാകുമെന്ന് കോൺഗ്രസും വിട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഐയും കരുതുന്നു. ജനപിന്തുണയുള്ള യുവ നേതാവായിട്ടും കനയ്യയും പാർട്ടിയും തമ്മിൽ ഉരസൽ നടന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ്.

കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കനയ്യ കുമാര്‍ ബിജെപിയിലെ ഗിരിരാജ് സിംഗിനോട് നാല് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. അന്ന് ആർജെഡി സ്ഥാനാർത്ഥിയെ നിർത്തിയില്ലായിരുന്നുവെങ്കിൽ കേന്ദ്രമന്ത്രിയെ തനിക്ക് പരാജയപ്പെടുത്താൻ കഴിയുമായിരുന്നുവെന്ന് ഇന്നും കനയ്യ വിശ്വസിക്കുന്നുണ്ട്.

എന്നാൽ അന്നത്തെ തെരഞ്ഞെടുപ്പിൽ കനയ്യ ശ്രദ്ധാകേന്ദ്രമായിരുന്നു. യുവനേതാവിന്റെ വിജയത്തിനായി ആരംഭിച്ച ഓൺലൈൻ ക്രൗഡ് ഫണ്ടിങ്ങിലേക്ക് ദിവസങ്ങൾ കൊണ്ട് എത്തിയത് 70 ലക്ഷം രൂപയായിരുന്നു. ഇതിനെ ചൊല്ലിയാണ് പിന്നീട് പാർട്ടിയും കനയ്യയും രണ്ട് തട്ടിലായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona