ദില്ലി: സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിക്ക് പകരം മുതിർന്ന നേതാവ് ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയാവും. രാവിലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഡി രാജയെ പുതിയ ജനറൽ സെക്രട്ടറിയാക്കാൻ ധാരണയായത്. ദേശീയ കൗൺസിൽ ചേർന്ന ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാകുക. ദേശീയരംഗത്തെ ഇടപെടൽ, മറ്റ് പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം, ദളിത് പശ്ചാത്തലം എന്നിവയാണ് ഡി രാജയ്ക്ക് അനുകൂലമായത്. 

ലോക്സഭാ തെരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എസ് സുധാകർ റെഡ്ഡി രാജി സന്നദ്ധത അറിയിച്ചിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു സുധാകർ റെഡ്ഡിയുടെ നിർദ്ദേശം. ബിനോയ് വിശ്വത്തിന്‍റെ പേരും ചർച്ചയായിരുന്നെങ്കിലും തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ബിനോയ് വിശ്വം തന്നെ സെക്രട്ടേറിയേറ്റ് യോഗത്തിൽ അറിയിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പർട്ടിയുടെ ജനറൽ സെക്രട്ടറിയെ പറ്റിയുളള തന്‍റെ തന്നെ വ്യക്തിപരമായ കാഴ്ചപ്പാടനുസരിച്ച് താൻ അതിന് യോഗ്യനായിട്ടില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ നിലപാട്.