അഹമ്മദാബാദ്: മീശ മുകളിലേക്ക് പിരിച്ച് വച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ 'ഉയര്‍ന്ന ജാതി'യില്‍പ്പെട്ടവര്‍ തല്ലിചതച്ചു. ഗുജറാത്തിലെ മെഹ്സാനയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവിനെ മര്‍ദിച്ച ശേഷം മീശ വടിച്ചു നീക്കാന്‍ ഇരയുടെ പിതാവിനെ നൂറോളം വരുന്ന സംഘം നിര്‍ബന്ധിക്കുകയും ചെയ്തു.

ഇതിന്‍റെയെല്ലാം വീഡിയോ സംഘം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ നോട്ട കോട്ടസാന ഗ്രാമത്തിലാണ് സംഭവം. വില്ലേജില്‍ ജോലി ചെയ്യുന്ന രാന്‍ചോദ് പാര്‍മര്‍ എന്നയാളുടെ മകന്‍ സഞ്ജയ് പാര്‍മര്‍ (20) ആണ് ആക്രമണത്തിന് ഇരയായത്.

വെള്ളിയാഴ്ട വൈകുന്നേരം വലിയൊരു സംഘം സഞ്ജയ്‍യുടെ വീടിന് മുന്നിലെത്തി. തുടര്‍ന്ന് സഞ്ജയ്‍യെ ഭീഷണിപ്പെടുത്തുകയും മീശ പിരിച്ചതിന് മര്‍ദിക്കുകയുമായിരുന്നു. മീശ വടിച്ചതിന് ശേഷം അങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് പറഞ്ഞ് സഞ്ജയ് മാപ്പ് അപേക്ഷിക്കുന്നതിന്‍റെ വീഡിയോയാണ് അക്രമണകാരികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതെന്നും മെഹ്സാന സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി ചെയര്‍പേഴ്സണും സഞ്ജയ്‍യുടെ മുത്തശ്ശിയുമായി ദിവ പാര്‍മര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഗുജറാത്തി പാട്ടിനൊപ്പം മീശ പിരിക്കുന്നതിന്‍റെ വീഡിയോ സഞ്ജയ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിഎസ്പി മുകേഷ് വ്യാസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.