Asianet News MalayalamAsianet News Malayalam

കർണാടകത്തിൽ ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, 20 മേൽ ജാതിക്കാർ കസ്റ്റഡിയിൽ

ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത് മേൽ ജാതിക്കാരനായ യുവാവിന്‍റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്

Dalit youth tied up and beaten in Bellary
Author
Bellary, First Published Jun 27, 2022, 4:21 PM IST

ബെല്ലാരി: കര്‍ണാടകത്തില്‍ ദളിത് യുവാവിനെ മുന്നോക്ക ജാതിക്കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മുന്നോക്ക വിഭാഗത്തിലെ യുവാവിന്‍റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇരുപത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെല്ലാരി സ്വദേശി മായ്യണ്ണയെ ആണ് മുന്നോക്ക വിഭാഗക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സ്ഥലത്തെ ദളിത് കോളനി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. ബെല്ലാരി സന്തൂര്‍ മേഖലയിലെ ദളിത് കുടുംബങ്ങളുടെ വീട് പൊളിച്ചുമാറ്റി മറ്റൊരു ഇടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്നോക്ക വിഭാഗക്കാര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സര്‍വേക്കായി എത്തിയ ഉദ്യോഗസ്ഥരെ ദളിത് കുടുംബങ്ങള്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷം ഇരുവിഭാഗങ്ങളും തമ്മിലുള്ള ആക്രമണത്തിലേക്ക് വഴി മാറുകയായിരുന്നു. സംഘര്‍ഷത്തില്‍ മുന്നോക്ക വിഭാഗത്തിലെ ആ‍ഞ്ജനേയ എന്ന യുവാവ് തലയ്ക്ക് പരുക്കേറ്റ് മരണപ്പെട്ടു. ഇതിന് പിന്നാലെ ദളിത് കുടുംബങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. മായണ്ണയുടെ മര്‍ദ്ദനമാണ് ആ‍ഞ്ജനേയന്‍ മരിക്കാൻ കാരണമെന്ന് ആരോപിച്ചാണ് ദളിത് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മുന്നോക്ക വിഭാഗക്കാര്‍ മര്‍ദ്ദിച്ചത്.

കഴുത്തിനും തലയ്ക്കും പരുക്കേറ്റ ദളിത് യുവാവ് ചികിത്സയിലാണ്. സംഭവത്തിൽ മുന്നോക്ക വിഭാഗക്കാരായ ഇരുപത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ബെല്ലാരിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios