തനിക്ക് ജേർണലിസം അല്ലെങ്കിൽ നിയമം ആണ് പഠിക്കാൻ ഇഷ്ടമെങ്കിൽ പിതാവിന് താൻ ബിഎസ്‍സി കെമിസ്ട്രിയിൽ ബിരുദം എടുക്കണമെന്നാണ് ആ​ഗ്രഹം. 

ചെന്നൈ: ​ബിരുദത്തിന് ഇഷ്ട വിഷയം തെരഞ്ഞെടുക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പിതാവിനെതിരെ മകൾ പൊലീസിൽ പരാതി നൽകി. തനിക്ക് ജേർണലിസം അല്ലെങ്കിൽ നിയമം ആണ് പഠിക്കാൻ ഇഷ്ടമെങ്കിൽ പിതാവിന് താൻ ബിഎസ്‍സി കെമിസ്ട്രിയിൽ ബിരുദം എടുക്കണമെന്നാണ് ആ​ഗ്രഹം. അതിനായി തനിക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാൻ അനുവദിക്കുന്നില്ലെന്നും കെമിസ്ട്രിയിൽ ബിരുദം ചെയ്യുന്നതിനായി തന്നെ നിർബന്ധിക്കുകയാണെന്നും കാണിച്ചാണ് പെൺകുട്ടി പിതാവിനെതിരെ പരാതി നൽകിയത്.

ജേർണലിസം അല്ലെങ്കിൽ നിയമം പഠിക്കുക എന്നത് തന്റെ ചെറുപ്പം മുതലുള്ള ആ​ഗ്രഹമാണ്. എന്നാൽ മകളെയൊരു കെമിസ്ട്രി അധ്യാപികയാക്കുക എന്നതാണ് പിതാവിന്റെ ആ​ഗ്രഹം. തനിക്ക് അധ്യാപികയാകേണ്ടെന്നും കെമിസ്ട്രി പഠിക്കേണ്ടെന്നും ഒരുപാട് തവണ പിതാവിനോട് പറഞ്ഞിരുന്നു. കൂടാതെ ജേർണലിസം അല്ലെങ്കിൽ നിയമം ആണ് പഠിക്കാൻ താൽപര്യമെന്നും പിതാവിനെ അറിയിച്ചിരുന്നു. 

ഇതിനെതുടർന്ന് തുടർ പഠനത്തിനായി കോളേജുകളിൽ അപ്ലിക്കേഷൻ അയക്കുന്നതിനുവേണ്ടി പിതാവിനോട് തന്റെ സർട്ടിഫിക്കറ്റുകൾ പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് ടെക്സ്റ്റ് പുസ്തകത്തിന് പുറകിൽകണ്ട ചൈൽഡ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുകയും തന്റെ പരാതി ചൈൽഡ് ലൈൻ അധികൃതരെ അറിയിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശപ്രകാരം പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചെന്നൈ ഇയ്യാപന്തങ്ങൾ സ്വദേശിയായ പെൺകുട്ടി പത്താം ക്ലാസ് പരീക്ഷയിൽ സ്കൂൾ ടോപ്പറാണ്. എന്നാൽ പ്ലസ്ടുവിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൽ സാധിച്ചിരുന്നില്ല. 65 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്ലസ്ടുവിലെ പരീക്ഷാ സമയത്ത് മാതാപിതാക്കളുടെ തർക്കം കാരണം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് തന്റെ വിജയ ശതമാനം കുറഞ്ഞതെന്ന് പെൺകുട്ടി പറഞ്ഞു. 

പ്ലസ്ടുവിലെ പരീക്ഷാഫലം പ്രഖ്യാപിച്ച ദിവസമാണ് പിതാവിനോട് തന്റെ ആ​ഗ്രഹം പറഞ്ഞത്. എന്നാൽ തന്റെ ആ​ഗ്രഹത്തെ അദ്ദേഹം ശക്തമായി എതിർക്കുകയായിരുന്നു. സയൻസ് വിഷയങ്ങൾ പെൺകുട്ടികൾക്ക് നിരവധി തൊഴിലവസരങ്ങൾ നൽകുമെന്നായിരുന്നു പിതാവിന്റെ വാദം. തുടർന്ന് തന്റെ സർട്ടിഫിക്കറ്റുകളുമെടുത്ത് അദ്ദേഹം വീട് വിട്ടിറങ്ങി. തന്റെ സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചതായി പെൺകുട്ടി പറഞ്ഞു. 

അമ്മയ്ക്ക് കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ല. സാമ്പത്തികമായി പിന്തുണയില്ലാത്തതുകൊണ്ടും അപ്ലിക്കേഷനുകൾ അയക്കാനും താൻ ബുദ്ധിമുട്ടുകയാണ്. മിക്ക സുഹൃത്തുക്കളും അപ്ലിക്കേഷനുകൾ അയച്ച് കഴിഞ്ഞതായും പെൺകുട്ടി കൂട്ടിച്ചേർത്തു. അതേസമയം സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാമെന്ന് പിതാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.