മുംബൈയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ എംഎൻഎസ് നേതാവ് രാജ് താക്കറെയുമായി ബിജെപി നേതാവ് കെ അണ്ണാമലൈ വാക്പോരിൽ. കാലുവെട്ടുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയതായും, അത്തരം ഭീഷണികളെ ഭയക്കുന്നില്ലെന്നും അണ്ണാമലൈ പ്രതികരിച്ചു.
ദില്ലി: എംഎൻഎസ് നേതാവ് രാജ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ അണ്ണാമലൈ. മുംബൈയിൽ പ്രവേശിക്കുന്നത് തടയാൻ അദ്ദേഹം രാജ് താക്കറെയെ വെല്ലുവിളിച്ചു. ബിജെപി നേതാവിനെ "രസമല" എന്ന് താക്കറെ പരിഹസിക്കുകയും മുംബൈയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസാരിക്കാനുള്ള അണ്ണാമലൈയുടെ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് വാക്കുതർക്കമുണ്ടായത്. തനിക്ക് നിരവധി ഭീഷണികൾ ലഭിച്ചിട്ടുണ്ടെന്നും ചിലർ തന്റെ കാലുകൾ വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിൽ അണ്ണാമലൈ ആരോപിച്ചു.
എന്നെ ഭീഷണിപ്പെടുത്താൻ ആദിത്യ താക്കറെയും രാജ് താക്കറെയും ആരാണ്? ഒരു കർഷകന്റെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു. എന്നെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണ് അവർ യോഗങ്ങൾ സംഘടിപ്പിച്ചത്. ഞാൻ അത്ര പ്രധാനപ്പെട്ട ആളായി മാറിയോ എന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാൻ മുംബൈയിൽ വന്നാൽ എന്റെ കാലുകൾ വെട്ടുമെന്ന് ചിലർ എഴുതിയിട്ടുണ്ട്. ഞാൻ മുംബൈയിൽ വരും. എന്റെ കാലുകൾ വെട്ടാൻ ശ്രമിക്കൂ. അത്തരം ഭീഷണികളെ ഞാൻ ഭയപ്പെട്ടിരുന്നെങ്കിൽ, ഞാൻ എന്റെ ഗ്രാമത്തിൽ തന്നെ കഴിയുമായിരുന്നു. കാമരാജ് ഇന്ത്യയിലെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളാണെന്ന് ഞാൻ പറഞ്ഞാൽ, അദ്ദേഹം ഇനി തമിഴനല്ല എന്നാണോ? മുംബൈ ഒരു ലോകോത്തര നഗരമാണെന്ന് ഞാൻ പറഞ്ഞാൽ, മഹാരാഷ്ട്രക്കാർ അത് നിർമ്മിച്ചില്ല എന്നാണോ അർത്ഥമാക്കുന്നത്? ഈ ആളുകൾ വെറും അജ്ഞരാണെന്നും മുൻ തമിഴ്‌നാട് ബിജെപി മേധാവി കൂട്ടിച്ചേർത്തു.
മുംബൈ ഒരു അന്താരാഷ്ട്ര നഗരമാണെന്ന് പറഞ്ഞതിന് ഞായറാഴ്ച അണ്ണാമലൈയെ താക്കറെ വിമർശിച്ചിരുന്നു. 1960 കളിലും 1970 കളിലും ബാൽ താക്കറെ ഉയർത്തിയ ഹട്ടാവോ ലുങ്കി, ബജാവോ പുങ്കി എന്ന മുദ്രാവാക്യത്തെക്കുറിച്ചും താക്കറെ പരാമർശിച്ചു.മുംബൈയിൽ നടന്ന യുബിടി-എംഎൻഎസ് സംയുക്ത റാലിയിലായിരുന്നു രാജ് താക്കറെയുടെ പരാമർശം. ബീഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള ആളുകൾ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ മഹാരാഷ്ട്രയിൽ നിന്ന് പുറത്താക്കുമെന്നും താക്കറെ പറഞ്ഞു. യുപിയിലെയും ബീഹാറിലെയും ആളുകൾ മനസ്സിലാക്കണം. എനിക്ക് ആ ഭാഷയോട് വെറുപ്പില്ല... പക്ഷേ നിങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഞാൻ നിങ്ങളെ ചവിട്ടിമെതിക്കും. ഭൂമിയും ഭാഷയും ഇല്ലാതായാൽ, നിങ്ങൾ അവസാനിക്കുമെന്നും രാജ് താക്കറെ പറഞ്ഞു.
