ഏതാണ്ട് ഏഴ് മാസം മുമ്പ് ഇതുപോലൊരു നോട്ടീസ് കിട്ടിയിരുന്നതായി കവിത പറയുന്നു. അന്ന് എന്തോ പിഴവാണെന്ന് ആലോചിച്ച് ഒന്നും ചെയ്യാതെ ഒഴിവാക്കി.

തിരുപ്പത്തൂർ: 22 വയസുകാരിയായ ആർ വൻമതി ഏതാനും ദിവസം മുമ്പ് മാതാപിതാക്കളുടെ അടുത്ത് എത്തിയപ്പോഴാണ് തപാലിൽ വന്ന ഒരു കത്ത് അവർ മകളെ കാണിച്ചത്. തുറന്ന് വായിച്ച് നോക്കിയപ്പോൾ 5.6 കോടി രൂപ നികുതി അടയ്ക്കാനുണ്ടെന്ന് കാണിച്ച് രജിസ്ട്രേഷൻ വാണിജ്യ നികുതി വകുപ്പിൽ നിന്നുള്ള അറിയിപ്പ്. കത്ത് വായിച്ച് ഞെട്ടിയ രമണിയും അച്ഛനും അമ്മയും ഇനി ഇതിന്മേൽ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കലയിലാണിപ്പോൾ. 

തമിഴ്നാട്ടിലെ വാണിയമ്പാടിക്ക് സമീപമുള്ള ചിക്കണക്കുപ്പത്ത് താമസിക്കുന്ന വൻമതിയുടെ മാതാപിതാക്കൾ സാധരണക്കാരിൽ സാധാരണക്കാരാണ്. അച്ഛൻ രാജ ബീഡി തെറുപ്പ് തൊഴിലാളിയും അമ്മ കവിത തൊഴിലുറപ്പ് ജോലിക്ക് പോകുന്നയാളുമാണ്. ചെന്നൈയിലെ വാണിജ്യ നികുതി വകുപ്പ് ഓഫീസിൽ കിട്ടിയ നോട്ടീസ് പ്രകാരം വൻമതി 2020-21 സാമ്പത്തിക വർഷത്തെ നികുതിയായി അടയ്ക്കാനുള്ളത് 5,62,11,766 രൂപയാണ്. ഇതിൽ 43,63,706 രൂപ 2020-21 വർഷത്തെ കുടിശികയും 5,18,48,060 രൂപ 2021-22 വർഷത്തെ നികുതിയുമാണ്. 

ഏതാണ്ട് ഏഴ് മാസം മുമ്പ് ഇതുപോലൊരു നോട്ടീസ് കിട്ടിയിരുന്നതായി കവിത പറയുന്നു. അന്ന് എന്തോ പിഴവാണെന്ന് ആലോചിച്ച് ഒന്നും ചെയ്യാതെ ഒഴിവാക്കി. പിന്നീട് വീണ്ടും നോട്ടീസ് വന്നതോടെ വാണിയമ്പാടി ടാക്സ് ഓഫീസിലെത്തിയെങ്കിലും അവർ ചെന്നൈയിൽ പോയി പരാതിപ്പെടാൻ നിർദേശിച്ച് മടക്കി. എന്തുകൊണ്ടാണ് പൊലീസിൽ പരാതി നൽകാത്തതെന്ന് ചോദിക്കുമ്പോൾ, അതിന് വേണ്ടി തിരുപ്പട്ടൂർ എസ്.പി ഓഫീസിൽ പോകണമെങ്കിലും ആരുടെയെങ്കിലും കൈയിൽ നിന്ന് പണം കടം വാങ്ങണമെന്നാണ് ഈ കുടുംബം പറയുന്നത്. മാധ്യമങ്ങള്‍ കാര്യം അന്വേഷിക്കുമ്പോഴും ഉദ്യോഗസ്ഥർ വ്യക്തമായ വിശദീകരണം നൽകുന്നില്ല. 

നികുതി വെട്ടിക്കുന്നതിനായി വ്യാജ ബില്ലുകൾ തയ്യാറാക്കിയ ആരോ ഇവരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടാവുമെന്നാണ് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്. ഇത്തരം നിരവധി കേസുകള്‍ നിലവിലുണ്ടെന്നും ഈ പ്രവണ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വൻമതിയുടെ വീട്ട് വാടക കരാർ ദുരുപയോഗം ചെയ്തിട്ടുണ്ടാകുമെന്ന വിവരവും ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...