തിരുനെല്‍വേലി: ഭര്‍ത്താവിന്‍റെ മരണശേഷം കഷ്ടപ്പെട്ട് വളര്‍ത്തിയ മകള്‍ കാമുകനൊപ്പം പോയി. മകള്‍ക്ക് ആദരാഞ്ജലി പോസ്റ്ററുമായി അമ്മ. തിരുനെല്‍വേലിയിലെ തിശയന്‍ വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകൾക്ക് ആദരാഞ്ജലി അർപ്പിച്ച് നാടുമുഴുവന്‍ പോസ്റ്റര്‍ പതിപ്പിച്ചത്. 

പത്തൊമ്പതുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ വിവാഹം ചെയ്തത് ഓഗസ്റ്റ് 14നാണ്. തൊട്ടടുത്ത ദിവസം മുതല്‍ ഗ്രാമത്തില്‍ അഭിക്ക് ആദരാഞ്ജലി പോസ്റ്ററുകള്‍ കാണാന്‍ തുടങ്ങി. അഭി മഞ്ഞപ്പിത്തം മൂലം മരിച്ചെന്നാണ് പോസ്റ്ററിൽ നൽകിയിരുന്ന വിവരം. അഭിയുടെ ഭർത്താവ് സന്തോഷ് നടത്തിയ അന്വേഷണത്തിൽ അമരാവതിയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. 

അഭിയുടെ ഭര്‍ത്താവ് സന്തോഷ് സംഭവം പൊലീസില്‍ അറിയിച്ചെങ്കിലും പരാതി നല്‍കിയില്ല. ഭര്‍ത്താവിന്‍റെ മരണശേഷം ഏറെ ബുദ്ധിമുട്ടിയാണ് അഭിയെ പഠിപ്പിച്ചതും വളര്‍ത്തിയതും. എന്നാല്‍ മകള്‍ ഇത്തരമൊരു ചതി ചെയ്യുമെന്ന് കരുതിയില്ല. മകളുടെ പ്രവര്‍ത്തിയിലുണ്ടായ ദേഷ്യത്തിനാണ് മകള്‍ക്ക് ആദരാഞ്ജലി പോസ്റ്റര്‍ അടിച്ചതെന്ന് പൊലീസിന് അമതാവതി വിശദീകരണം നല്‍കി. സന്തോഷിന്‍റേത് രണ്ടാം വിവാഹമായതിനാലാണ് ബന്ധത്തെ എതിര്‍ത്തതെന്നും അമരാവതി കൂട്ടിച്ചേര്‍ത്തു. രേഖാമൂലം പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.