ചെന്നൈ: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിന്‍റെ പരീക്ഷണത്തിൽ പങ്കെടുത്തായാൾക്ക് ഗുരുതര ആരോഗ്യപ്രശ്നമുണ്ടായെന്ന പരാതി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അന്വേഷിക്കും. അഞ്ചുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് 40-കാരനായ ചെന്നെ സ്വദേശിയാണ് കേസ് നൽകിയത്. ഒക്ടോബർ ഒന്നിന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിന്നാണ് പരാതിക്കാരൻ  വാക്സിൻ സ്വീകരിച്ചത്. 

വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിൽ സ്വയം സന്നദ്ധനായാണ് ഇദ്ദേഹം പങ്കെടുത്തത്. വാക്സിനെടുത്തശേഷം തനിക്ക് നാഡീസംബന്ധമായും മാനസികമായും പ്രശ്നങ്ങളുണ്ടായെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഐസിഎംആർ, ഡിസിജിഐ,ഓക്സ്ഫഡ് സർവകലാശാല, ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസലർ, ഓക്സ്ഫഡ് വാക്സിൻ പരീക്ഷണത്തിന്‍റെ ചീഫ് ഇൻവെസ്റ്റിഗേറ്റർ എന്നിവർക്ക് നോട്ടീസയച്ചു. വാക്സിൻ പരീക്ഷണം, ഉത്പാദനം, വിതരണം എന്നിവ ഉടൻ നിർത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിസിജിഐ അന്വേഷണം നടത്തുന്നത്. വാക്സിൻ കുത്തിവെപ്പ് നടന്ന സ്ഥാപനത്തിലെ എത്തിക്സ് കമ്മറ്റിയും അന്വേഷണം നടത്തും. പരീക്ഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള പാളിച്ച വന്നിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്. എന്നാൽ പരാതിക്കാരന്‍റെ ആരോപണം പൂർണ്ണമായി തള്ളുകയാണ് സിറം  ഇൻസ്റ്റിറ്റ്യൂട്ട്.  അടിസ്ഥാനരഹിതമായ പരാതിയാണെന്നും ഇതുമായി മുന്നോട്ട് പോയാൽ 100 കോടി രൂപ യുടെ മാനനഷ്ടക്കേസ് നൽകുമെന്നും കമ്പനി വ്യക്തമാക്കി. 

കൊവിഡ് വാക്സിന്‍റെ രാജ്യത്തെ  ഉപയോഗത്തിന് അടിയന്തര അനുമതി തേടാന്‍ പുനെ സെറം ഇന്‍സ്റ്റിററ്യൂട്ട് തയ്യാറെടുക്കുന്നതിനിടെയാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പൂനെയിലെത്തി സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചിരുന്നു. ജെനോഹ ബയോഫാർമ, ബയോളജിക്കൽഇ, ഡോ.റെഡ്ഡീസ് എന്നീ കമ്പനികളുമായി വീഡിയോ കോൺഫറസിംഗ് വഴിയാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച.