Asianet News MalayalamAsianet News Malayalam

Gautam Gambhir : ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി, സുരക്ഷ ശക്തിപ്പെടുത്തി പൊലീസ്

 ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. നവംബർ 24 നും ഗൗതം ഗംഭീറിന് വധഭീഷണി വന്നിരുന്നു.

death threats to Gautam Gambhir
Author
Delhi, First Published Nov 28, 2021, 12:37 PM IST

ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. നവംബർ 24 നും ഗൗതം ഗംഭീറിന് വധഭീഷണി വന്നിരുന്നു. വധഭീഷണി വന്ന സംഭവത്തിൽ ദില്ലി പൊലിസ് അന്വേഷണം നടത്തുകയാണ്. നേരത്തെ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് പാക്കിസ്ഥാനിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വീട്ടിൽ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

ഐഎസ്ഐഎസ് കശ്മീര്‍ എന്ന മെയില്‍ ഐഡിയിൽ നിന്നുമാണ് ഗംഭീറിന് രണ്ടാം തവണ ഭീഷണി സന്ദേശം ലഭിച്ചത്. 'ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തില്‍ തന്നെയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങള്‍ രക്ഷപ്പെട്ടു'വെന്നാണ് സന്ദേശം വിശദമാക്കുന്നത്. 'നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക' എന്നും സന്ദേശം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗൗതം ഗംഭീറിന്‍റെ ദില്ലിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം.

ബുധനാഴ്ച രാവിലെയാണ് ഗൗതം ഗംഭീര്‍ ഭീഷണി ലഭിച്ചതായി ദില്ലി പൊലീസിനെ ആദ്യം അറിയിച്ചത്. 'ഞങ്ങള്‍ നിങ്ങളേയും കുടുംബത്തേയും കൊല്ലാന്‍ പോകുന്നു'വെന്നായിരുന്നു ആദ്യം ലഭിച്ച സന്ദേശം വിശദമാക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദില്ലി സെന്‍ട്രല്‍ ഡിസിപി ശ്വേത ചൌഹാന്‍ വിശദമാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു ആദ്യത്തെ ഭീഷണി സന്ദേശം ലഭിച്ചത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗൗതം ഗംഭീറിന്‍റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

ഗംഭീറിന്റെ ഔദ്യോഗിക ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഗംഭീറിന് എന്തുകൊണ്ടാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. 2018ലാണ് ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി. 2019ല്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് ദില്ലിയില്‍ നിന്നാണ് ഗൗതം ഗംഭീര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
 

 

Follow Us:
Download App:
  • android
  • ios