തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷമാകുന്നു. മരണം 6 ആയി, വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായി, സംസ്ഥാനത്ത് മഴ ശക്തമാകുകയാണ് ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേട്ട്, ചെന്നൈ അടക്കം 11 ജില്ലകളിൽ യെല്ലോ അലർട്ട്.
ചെന്നൈ: തമിഴ്നാട്ടിൽ അതിശക്തമായ മഴയിൽ ആറ് പേർ മരിച്ചു. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണു പ്രദേശവാസിയായ 45കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും മരിച്ചു. കൃഷ്ണഗിരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത 45കാരി വൈദ്യുതികമ്പിയിൽ കുരുങ്ങി ഷോക്കേറ്റ് മരിച്ചു. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാണ്. നീലഗിരിയിൽ 24 മണിക്കൂറിൽ 62 സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി. ഊട്ടിയിൽ മരം വീടിന് മുകളിലേക്ക് വീണ് 2 പേർക്ക് പരിക്ക് പറ്റി. ദിണ്ടിഗൽ, കോയമ്പത്തൂർ, രാമനാഥപുരം ജില്ലയിൽ ഇന്ന് സ്കൂളുകൾക്ക് അവധിയാണ്. നീലഗിരിയിൽ 4 താലൂക്കിലും അവധി നൽകിയിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് കൊടൈക്കനാൽ ഫോറസ്ററ് ഡിവിഷനിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും അടച്ചിടും. സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ടാണ്. 18 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ചെന്നൈ അടക്കം 11 ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.





